ഭീകരവാദത്തിനെതിരായ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ പ്രഖ്യാപിച്ചിരുന്നു
ഇന്ത്യ-പാക് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് സൂചന. സിന്ധു നദീജല ഉടമ്പടി നിർത്തിവെച്ചതിൽ ഉൾപ്പെടെ മാറ്റമുണ്ടാവില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഭീകരവാദത്തിനെതിരായ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവെച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും പാകിസ്ഥാൻ്റെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിഇക്കാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. കര്‍താര്‍പൂര്‍ ഇടനാഴി തത്ക്കാലം തുറക്കേണ്ടതില്ലെന്നും കേന്ദ്രസർക്കാർ തീരുമാനിച്ചു.
സൗദി അറേബ്യയും യുഎസും നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് ഇന്ത്യ-പാക് വെടിനിർത്തൽ പ്രഖ്യാപനം. കര-വ്യോമ-നാവിക മേഖലയിലെ എല്ലാ സൈനിക നീക്കങ്ങളും അവസാനിപ്പിച്ചതായി കേന്ദ്ര സർക്കാരും പാകിസ്ഥാനും അറിയിച്ചു. അതേസമയം ഇരുരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തലെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം ഇന്ത്യ തള്ളി. ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്നല്ല തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ALSO READ: India-Pak Ceasefire | തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ല: എസ്. ജയശങ്കർ
"പാകിസ്ഥാൻ സൈന്യത്തിന്റെ ഓപ്പറേഷൻ ഡിജിഎംഒയും ഇന്ത്യൻ സൈനിക ഓപ്പറേഷന്റെ ഡിജിഎംഒയും തമ്മിൽ വൈകീട്ട് 3:35ന് ചർച്ച നടത്തിയിരുന്നു. പാക് ഡിജിഎംഒ ഇന്ത്യൻ സൈനിക ഡിജിഎംഒയെ വിളിക്കുകയായിരുന്നു. ഈ ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. പാക് വ്യോമ താവളങ്ങൾ ആക്രമിച്ച് എട്ട് മണിക്കൂറിന് ശേഷമാണ് വെടിനിർത്തൽ ചർച്ച ആരംഭിച്ചത്. മെയ് 12ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഇന്ത്യ-പാക് ചർച്ച നടക്കും," വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യയുമായി വെടിനിർത്തലിന് ധാരണയായെന്ന് പാകിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധറാണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിനു തയ്യാറായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എക്സ് പോസ്റ്റിലൂടെ ഇഷാഖ് ധർ ഇക്കാര്യം സ്ഥിരീകരിച്ചത്.