പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട 11 പേരും കുറ്റക്കാരാണെന്ന് നെടുമങ്ങാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസില്‍ പ്രതികൾക്ക് ജീവപര്യന്തം. ഏറെ ചർച്ചയായ പോത്തൻകോട് സുധീഷ് വധക്കേസിലെ കേസിലെ 11 പ്രതികൾക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.വിധി പറഞ്ഞത് നെടുമങ്ങാട് പട്ടികജാതി- പട്ടിക വർഗ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട 11 പേരും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികള്‍ വധശിക്ഷ അർഹിക്കുന്നുവെന്ന് കൊല്ലപ്പെട്ട സുധീഷിൻ്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗുണ്ടാപ്പകയാണ് 2021 ഡിസംബർ 11ന് നടന്ന കൊലപാതകത്തിന് കാരണമായത്. ഒട്ടകം രാജേഷ് അടക്കം 11 പേരടങ്ങുന്ന സംഘം ക്രൂരമായാണ് സുധീഷിനെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പിയായിരുന്ന എം.കെ. സുള്‍ഫിക്കറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ടി ഗീനാകുമാരിയാണ് ഹാജരായത്.
സുധീഷിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ വലതുകാൽ വെട്ടിയെടുത്ത് നടുറോഡിൽ വലിച്ചെറിഞ്ഞു. അതിന് ശേഷം ആഹ്ളാദ പ്രകടനം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മുഖ്യപ്രതിയായ സുധീഷ് ഉണ്ണിയുമായി, കൊല്ലപ്പെട്ട സുധീഷ് രണ്ട് മാസങ്ങൾക്ക് മുന്‍പ് അടിയുണ്ടാക്കിയിരുന്നു. അതിന് പകരം വീട്ടാനാണ് കൊലപാതകം നടത്തിയത്.
ആക്രമണം ഭയന്ന് നാടുവിട്ട സുധീഷ് പോത്തന്‍കോടിനടുത്ത് കല്ലൂരിലെ പാണന്‍വിള കോളനിയിലെ ബന്ധുവീട്ടിൽ ഒളിവില്‍ കഴിഞ്ഞിരുന്നു. സുധീഷിന്‍റെ ബന്ധു ഒറ്റിയതോടെ എതിര്‍സംഘം ഒളിത്താവളം തിരിച്ചറിഞ്ഞെത്തി. ബൈക്കിലും ഓട്ടോയിലുമായെത്തിയ സംഘം സുധീഷിനെ കൊലപ്പെടുത്തുകയായിരുന്നു.