fbwpx
ഇനി 31 വര്‍ഷം കഴിഞ്ഞ് കാണാം...; മിനി മൂണിനോട് യാത്ര പറഞ്ഞ് ഭൂമി
logo

ന്യൂസ് ഡെസ്ക്

Posted : 25 Nov, 2024 12:18 PM

WORLD


രണ്ട് മാസത്തെ സന്ദര്‍ശനത്തിനു ശേഷം ഭൂമിയുടെ 'അതിഥി' 2024 PT5 വിട പറയുകയാണ്. മിനി മൂണ്‍ എന്ന് ഓമനപ്പേരില്‍ അറിയപ്പെട്ട 2024 PT5 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്. ഈ വര്‍ഷം ഓഗസ്റ്റിലാണ് 2024 PT5 എന്ന ഛിന്നഗ്രഹത്തെ നാസ കണ്ടെത്തിയത്.

സെപ്റ്റംബര്‍ 29 മുതലാണ് 2024 PT5 ഭൂമിയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയത്. ചന്ദ്രനേക്കാള്‍ കുഞ്ഞന്‍ ആയതുകൊണ്ട് മിനി മൂണ്‍ എന്ന വിളിപ്പേര് ലഭിച്ചു. ഭൂമിയില്‍ നിന്ന് താരതമ്യേന കുറഞ്ഞ ദൂരമായ 3.5 മില്യണ്‍ കിലോമീറ്റര്‍ അകലെയാണെങ്കിലും വലുപ്പത്തില്‍ കുഞ്ഞനായതുകൊണ്ടും മങ്ങിയ പ്രകാശം മാത്രമായതിനാലും നഗ്ന നേത്രങ്ങള്‍ കൊണ്ട് PT5 നെ കാണാനാകില്ല.

രണ്ട് മാസം ചന്ദ്രനെ പോലെ ഭൂമിയെ വലംവെച്ച ഛിന്നഗ്രഹത്തെ ഇനി കാണണമെങ്കില്‍ 2055 വരെ കാത്തിരിക്കണം. PT5 ഭൂമിയില്‍ നിന്ന് 1.8 ദശലക്ഷം കിലോമീറ്റര്‍ അടുത്ത് പോകുമ്പോള്‍ റഡാര്‍ ആന്റിന ഉപയോഗിച്ച് നിരീക്ഷിക്കാന്‍ നാസ പദ്ധതിയിട്ടിട്ടുണ്ട്. മൊജാവേ മരുഭൂമിയിലെ റഡാറിലൂടെ ഛിന്നഗ്രഹത്തിന്റെ വലിപ്പം, ആകൃതി, ഘടന എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പഠിക്കും.

ALSO READ: രണ്ട് മാസം ഭൂമിയെ ചുറ്റുന്ന സഞ്ചാരി; വീണ്ടും കാണണമെങ്കില്‍ ഇനിയുമൊരു 31 കൊല്ലം കാത്തിരിക്കണം


ചന്ദ്രന്റെ കഷ്ണമോ?

PT5 കണ്ടെത്തിയതു മുതല്‍ ഛിന്നഗ്രഹത്തിന്റെ ഉത്പത്തിയെ കുറിച്ച് പലതരത്തിലുള്ള തിയറികളും ഉയര്‍ന്നിരുന്നു. ആദിപുരാതന കാലത്തെന്നോ ചന്ദ്രനില്‍ നിന്നും വേര്‍പെട്ടുപോയ ശകലമാകാം ഈ ഛിന്നഗ്രഹമെന്നും യാദൃശ്ചികമായി ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയതാകാം എന്നുമാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്.

ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ വലയം ചെയ്യുന്ന പ്രതിഭാസം അപൂര്‍വമായി മാത്രമാണ് സംഭവിക്കാറ്. ഭൂമിയ്ക്കും ചൊവ്വയ്ക്കും ഇടയിലുള്ള അര്‍ജുന ഛിന്നഗ്രഹ വലയത്തില്‍ ഭ്രമണം ചെയ്യുന്ന PT5 ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലമാണ് ഭ്രമണപഥത്തിലേക്ക് എത്തിയത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയ ഛിന്ന ഗ്രഹം ചന്ദ്രനോടൊപ്പം അര്‍ധവൃത്താകൃതിയില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു.


നാസയുടെ ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലേര്‍ട്ട് സിസ്റ്റം (ATLAS) ആഗസ്റ്റ് 7 നാണ് മിനി മൂണിനെ ആദ്യമായി കണ്ടെത്തിയത്. പത്ത് മീറ്റര്‍ വ്യാസവും 33 അടിയും മാത്രമാണ് PT5 ന്റെ വലുപ്പം. ചന്ദ്രനെക്കാള്‍ കുഞ്ഞനായതു കൊണ്ടാണ് മിനി മൂണ്‍ എന്ന വിളിപ്പേര് ലഭിച്ചത്.


അപൂര്‍വമാണെങ്കിലും ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തുന്ന ആദ്യ മിനി മൂണ്‍ അല്ല PT5. മുന്‍ വര്‍ഷങ്ങളിലും സമാനമായ രീതിയിലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022 NX1 പോലെയുള്ള ചില ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

TELUGU MOVIE
പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി; അല്ലു അർജുന് ഇടക്കാല ജാമ്യം
Also Read
user
Share This

Popular

KERALA
KERALA
'പെരിനാറ്റൽ സൈക്കോസിസ്' സർവീസിൽ ഇതുവരെ കേട്ടിട്ടില്ലാത്ത വാക്ക്; അഭിമുഖം ഐജി കെ. സേതുരാമൻ ഐപിഎസ്| ഫൗസിയ മുസ്തഫ