സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ/ തടഞ്ഞുവയ്ക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി ബെയിലിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ, തിരുവനന്തപുരം ബാർ അസോസിയേഷന്‍ ബെയിലിനെ സസ്‌പെൻഡ് ചെയ്തു.
തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ സീനിയർ അഭിഭാഷകനെതിരെ സ്വമേധയാ നടപടിയെടുത്ത് ബാർ കൗൺസിൽ. അഡ്വ. ബെയ്‌ലിന്‍ ദാസിന് കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി. കേരള ബാർ കൗൺസിൽ അടിയന്തര യോഗം ചേർന്നാണ് നടപടി. ഇത് വ്യക്തമാക്കി അഭിഭാഷകന് നോട്ടീസയച്ചു.
അച്ചടക്ക നടപടി പൂർത്തിയാകുന്നത് വരെയാണ് വിലക്കേർപ്പെടുത്തിയത്. കുറ്റക്കാരൻ എന്ന് കണ്ടെത്തിയാൽ സ്ഥിരം വിലക്കെന്ന് ബാർ കൗൺസിൽ അറിയിച്ചു. രണ്ടംഗ കമ്മറ്റിയുടെ റിപ്പോർട്ട്,ശ്യാമിലിയുടെ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഓഫീസിലെ തർക്കത്തെ തുടർന്നാണ് പാറശാല സ്വദേശിയായ ജൂനിയർ അഭിഭാഷക ശ്യാമിലിക്ക് അതിക്രൂര മർദനമേറ്റത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ ജൂനിയർ അഭിഭാഷക അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസ് മർദിച്ചത്. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ/ തടഞ്ഞുവയ്ക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി ബെയിലിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ, തിരുവനന്തപുരം ബാർ അസോസിയേഷന്‍ ബെയിലിനെ സസ്‌പെൻഡ് ചെയ്തു.
കേസിൽ നിയമമന്ത്രി പി. രാജീവ് ഇടപെട്ടു. വളരെ ഗൗരവകരമായ സംഭവമാണ് നമ്മുടെ നാട്ടിൽ നടന്നത്. ഒരു സീനിയർ അഭിഭാഷകൻ തൻ്റെ ജൂനിയറോട് ഇത്തരത്തിൽ പെരുമാറുക എന്നത് കേരളത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്. പരാതിയിൽ കേസെടുത്ത് അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണെന്ന് മന്ത്രി അറിയിച്ചു.
കുറ്റവാളികളെ പിടികൂടാനുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കുമെന്നും പി. രാജീവ് വ്യക്തമാക്കി. അഭിഭാഷകർ ചില ഘട്ടങ്ങളിൽ സ്വയം പ്രതിരോധം തീർക്കാറുണ്ട്. പക്ഷെ ഇവിടെ പരാതിക്കാരിക്കൊപ്പമാണ് അഭിഭാഷകർ നിൽക്കേണ്ടത്. ആരെങ്കിലും കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.