കടുവയെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച 50 ക്യാമറകളിലും അധികമായി സ്ഥാപിച്ച അഞ്ച് ലൈവ് സ്ട്രീമിങ് ക്യാമറകളിലും ഇന്നും ദൃശ്യങ്ങൾ ഒന്നും പതിഞ്ഞിട്ടില്ല.
മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുകയാണ്. തെരച്ചിൽ തുടരുന്നതിനിടെ കടുവയുടെ കാൽപ്പാടുകൾ മറ്റൊരിടത്ത് കണ്ടെത്തി. നേരത്തെ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ കടുവയുടെ കൂടുതൽ ദൃശ്യങ്ങൾ ഇന്നും ലഭിച്ചില്ല.
രാവിലെ ഏഴു മണിയോടെയാണ് അഞ്ചാം ദിവസത്തെ ദൗത്യം ആരംഭിച്ചത്. കടുവയെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച 50 ക്യാമറകളിലും അധികമായി സ്ഥാപിച്ച അഞ്ച് ലൈവ് സ്ട്രീമിങ് ക്യാമറകളിലും ഇന്നും ദൃശ്യങ്ങൾ ഒന്നും പതിഞ്ഞിട്ടില്ല. തെരച്ചിൽ നടക്കുന്ന റാവുത്തൻ കാടിൽ നിന്നും അഞ്ച് കിലോമീറ്റർ അപ്പുറത്ത് മഞ്ഞൾ പാറയിൽ കടുവയുടെ കാൽപ്പാടുകൾ നാട്ടുകാർ കണ്ടെത്തിയെന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു.
കാൽപ്പാടുകൾ നരഭോജി കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് മഞ്ഞൾ പാറയിലും ഇന്ന് രാവിലെ ക്യാമറകൾ സ്ഥാപിച്ചു. നരഭോജി കടുവയെ പിടികൂടുന്നത് വൈകുന്നതിൽ ആശങ്കയുണ്ടെന്ന് കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിമോൾ പറഞ്ഞു. വന്യജീവി ആക്രമത്തിൽ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും രംഗത്തെത്തി.
കടുവയുടെ സാന്നിധ്യം ഉറപ്പാക്കിയ ശേഷം മാത്രമേ മുത്തങ്ങയിൽ നിന്ന് എത്തിച്ച രണ്ട് കുങ്കി ആനകളുമായുള്ള തെരച്ചിൽ ആരംഭിക്കുകയുള്ളു. കുങ്കിയാനയുടെ ആക്രമണത്തിൽ പരുക്കേറ്റ പാപ്പാൻ അഭയ് കൃഷ്ണയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. അതേസമയം, കടുവാ ദൗത്യത്തിനിടെ സ്ഥലം മാറ്റിയ നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു.