ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി റവന്യൂ രേഖയിലാക്കുമെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു
പാലക്കാട് അട്ടപ്പാടിയിൽ ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഭൂമി കച്ചവടം നടത്തിയെന്ന ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് റവന്യൂ മന്ത്രി കെ. രാജൻ. ഭൂമി വിൽപ്പന ഗൗരവമായ പ്രശ്നമാണ്. മണ്ണിൻ്റെ ഉടമകളായ ആദിവാസികളെ കബളിപ്പിച്ചവരെ വെറുതെ വിടില്ല. ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി റവന്യൂ രേഖയിലാക്കുമെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു.
അട്ടപ്പാടിയിൽ രജിസ്ട്രേഷൻ വകുപ്പിന്‍റെ അന്വേഷണം അട്ടിമറിച്ച് ഭൂമി വിൽപ്പന സജീവമെന്ന വാർത്ത ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്. ഭൂപരിഷ്ക്കരണ നിയമം ലംഘിച്ചുള്ള ഭൂമി വിൽപ്പനയെക്കുറിച്ചുള്ള അന്വേഷണമാണ് അട്ടിമറിച്ചത്. അന്വേഷണത്തെ പ്രഹസനമാക്കി കൊണ്ടാണ് അട്ടപ്പാടിയിൽ ഭൂമി വിൽപന നടത്തുന്നത്. ഭൂപരിഷ്‌കരണ നിയമപ്രകാരം സർക്കാർ ഏറ്റെടുക്കേണ്ട ഏക്കർ കണക്കിന് ഭൂമിയാണ് വിറ്റഴിക്കുന്നത്.
റവന്യൂ - രജിസ്ട്രേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭൂമി വിൽപ്പന നടക്കുന്നതെന്ന ആരോപണവും ഉയർന്നിരുന്നു. അട്ടപ്പാടിയിൽ ഭൂപരിഷ്‌കരണ നിയമ പ്രകാരം ഏറ്റെടുക്കേണ്ട ഭൂമി, വൻതോതിൽ വിൽപ്പന നടത്തുന്നുവെന്ന് പരാതി ഉയർന്നതോടെയായിരുന്നു സംഭവം അന്വേഷിക്കാൻ രജിസ്ട്രേഷൻ വകുപ്പ് ഡെപ്യൂട്ടി ഐജിയെ ചുമതലപ്പെടുത്തിയിരുന്നത്.
മണ്ണാർക്കാട് ജന്മിയായിരുന്ന മൂപ്പിൽ നായരുടെ തണ്ടപേരിലുളള കോട്ടത്തറ വില്ലേജിലെ ഭൂമിയാണ് കുടുംബാംഗങ്ങൾ വിൽപ്പന നടത്തിയത്. ഭൂപരിഷ്കരണ നിയമം പാലിക്കാതെയാണ് വില്പനയെന്ന് ആധാരം എഴുത്തുകാരുടെ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാൽ അന്വേഷണം പൂർത്തിയാകും മുൻപേ റവന്യൂ - രജിസ്ട്രേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയിൽ ഇതേ തണ്ടപേരിലുള്ള ഭൂമി വിൽപ്പന തുടരുകയായിരുന്നു.
അഗളി സബ് രജിസ്ട്രാർ ഓഫീസിൽ ഏപ്രിൽ 29ന് 19 ആധാരങ്ങളും, മെയ് രണ്ടിന് 22 ആധാരങ്ങളും രജിസ്റ്റർ ചെയ്തിരുന്നു. മുപ്പതോളം ആധാരങ്ങളുടെ രജിസ്ട്രേഷനും നടന്നിരുന്നു. കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 1819, 762, 524, 404, 1275 എന്നിവയിൽ ഉൾപ്പെട്ട സ്ഥലമാണ് വിൽപ്പന നടത്തിയത്. അന്വേഷണം പൂർത്തിയാകും വരെ മൂപ്പിൽ നായരുടെ തണ്ടപ്പേരിലുള്ള ഭൂമി വിൽപ്പന മരവിപ്പിക്കാൻ അധികൃതരും തയ്യാറായില്ലെന്നും ആരോപണമുയർന്നിരുന്നു.
ALSO READ: രജിസ്ട്രേഷൻ വകുപ്പിന്‍റെ അന്വേഷണം അട്ടിമറിച്ചു; അട്ടപ്പാടിയിൽ നിയമം ലംഘിച്ചുള്ള ഭൂമി വിൽപ്പന സജീവം
എന്നാൽ നിയമ ലംഘനം നടത്തിയിട്ടില്ലെന്നാണ് മൂപ്പിൽ നായരുടെ കുടുംബം പറയുന്നത്. അട്ടപ്പാടിയിൽ എഴുപത് അവകാശികൾക്കായി 2000 ഏക്കർ ഭൂമിയുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം അനുമതി ലഭിച്ച ഭൂമിയിൽ 570 ഏക്കർ സ്ഥലം മാത്രമാണ് വിൽപ്പന നടത്തിയത്. മറ്റ് സ്ഥലങ്ങളും വിൽപ്പന നടത്താൻ ശ്രമിക്കുമെന്നുമായിരുന്നു കുടുംബാംഗമായ അർജുൻ സോമനാഥൻ പറഞ്ഞത്.
ഭൂപരിഷ്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് പരമാവധി 15 ഏക്കർ ഭൂമിയാണ് കൈവശം വെക്കാൻ അവകാശമുള്ളത്. എന്നാൽ മൂപ്പിൽ നായരുടെ കുടുംബത്തിൽപ്പെട്ടവർ അട്ടപ്പാടിയിലെ നൂറ് കണക്കിന് ഏക്കർ ഭൂമിയിൽ അവകാശമുണ്ടെന്നും, ഇതിന് കോടതിയുടെ അനുകൂല ഉത്തരവുണ്ടെന്നും വ്യക്തമാക്കിയാണ് വിൽപ്പന നടത്തുന്നത്.