കോഴിക്കോട് ചെറുവണ്ണൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. തിങ്കളാഴ്ച്ചയാണ് രജനീകാന്ത് സെറ്റില്‍ ജോയിന്‍ ചെയ്തത്
ജയിലര്‍ 2വിന്റെ ചിത്രീകരണത്തിനായി കോഴിക്കോടെത്തിയ നടന്‍ രജനീകാന്തിനെ സന്ദര്‍ശിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രജനീകാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. 'നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി' എന്ന ഡയലോഗും മന്ത്രി ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
കോഴിക്കോട് ചെറുവണ്ണൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഞായറാഴ്ച്ച രജനീകാന്ത് കോഴിക്കോട്ടെത്തി. തുടര്‍ന്ന് തിങ്കളാഴ്ച്ച സെറ്റില്‍ ജോയിന്‍ ചെയ്തു. ആറുദിവസമാണ് താരത്തിന് ഇവിടെ ചിത്രീകരണമുള്ളതെന്നാണ് വിവരം.
ALSO READ : മോഹന്‍ലാലിനൊപ്പം സിനിമ? പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് ഷാജി കൈലാസ്
ബിസി റോഡിലുള്ള സുദര്‍ശന്‍ ബംഗ്ലാവിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കേരളത്തിലെ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷനാണ് ഇത്. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക.
ചിത്രത്തിന്റെ ആദ്യ ഭാഗം വന്‍ വിജയമാകാന്‍ കാരണം രജനികാന്തിന്റെ സാനിധ്യത്തിന് അപ്പുറം മള്‍ട്ടി സ്റ്റാര്‍ കാസ്റ്റിംഗ് കൂടിയായിരുന്നു. മോഹന്‍ലാല്‍, കന്നഡ സ്റ്റാര്‍ ശിവ് രാജ്കുമാര്‍, ജാക്കി ഷെരോഫ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് മുതല്‍ മോഹന്‍ലാല്‍ ജയിലര്‍ 2വിന്റെ ഭാഗമാകുമോ എന്ന ചോദ്യം ആരാധകരില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നു. അതിന് മറുപടിയായി അടുത്തിടെ മോഹന്‍ലാലിന്റെ ഹൃദയപൂര്‍വ്വം എന്ന സിനിമയുടെ സെറ്റില്‍ നെല്‍സണ്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. ജനുവരി 14 നാണ് നിര്‍മാതാക്കള്‍ ജയിലര്‍ രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും സംഗീതം ഒരുക്കുന്നത്.