ഒളിംപിക് ബോക്‌സിങ് പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയുടെ ആഞ്ജെല കരിനിയുമായുള്ള മത്സരത്തിനു പിന്നാലെയാണ് ഇമാന്‍ ഖെലീഫ് വിവാദത്തില്‍പ്പെടുന്നത്
തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ കോടതിയെ സമീപിച്ച് പാരിസ് ഒളിംപിക്സിനിടെ ലിംഗനീതി വിവാദത്തില്‍ ഉൾപ്പെട്ട അള്‍ജീരിയന്‍ ബോക്‌സര്‍ ഇമാന്‍ ഖെലീഫ്. ടെസ്ല സിഇഒയും എക്സ് ഉടമയുമായ ഇലോണ്‍ മസ്‌ക്, പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ. റൗളിങ് എന്നിവരുള്‍പ്പെടെ ഇമാന്റെ പരാതിയില്‍ കോടതി കയറിയേക്കും.
ALSO READ : എന്ത് 'വിധി'യിത്..! വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് നീട്ടി
ഒളിംപിക് ബോക്‌സിങ് പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയുടെ ആഞ്ജെല കരിനിയുമായുള്ള മത്സരത്തിനു പിന്നാലെയാണ് ഇമാന്‍ ഖെലീഫ് വിവാദത്തില്‍പ്പെടുന്നത്. മത്സരത്തില്‍ ഇമാനില്‍നിന്നേറ്റ കനത്ത പഞ്ചില്‍ ആഞ്ജെലയുടെ മൂക്ക് തകര്‍ന്നിരുന്നു. മത്സരം തുടങ്ങിയ ഉടനെയായിരുന്നു ഇത്. ഇതോടെ നാൽപ്പത്തിയാറാം സെക്കന്‍ഡില്‍തന്നെ ആഞ്ജെല മത്സരത്തില്‍നിന്ന് പിന്മാറി. ഇതിനു പിന്നാലെ നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇമാന്‍ പുരുഷനാണെന്ന് ആരോപിച്ച് താരത്തെ അധിക്ഷേപിച്ചത്. എന്നാല്‍ പാരിസ് ഒളിംപിക്സിൽ സ്വര്‍ണം നേടിയതിനു പിന്നാലെ കോടതി നടപടികളുമായി മുന്നോട്ടുപോകാന്‍ താരം തീരുമാനിക്കുകയായിരുന്നു.
പാരിസ് പ്രോസിക്യൂട്ടറുടെ ഓഫീസിലെ പ്രത്യേക യൂണിറ്റിന് വെള്ളിയാഴ്ചയാണ് താരം പരാതി നല്‍കിയത്. അഭിഭാഷകനായ നബീല്‍ ബൗഡിയാണ് താരത്തിനു വേണ്ടി ഹാജരായത്. ഇമാന്‍ ഉള്‍പ്പെട്ട വനിതകളുടെ 66 കിലോ ഗ്രാം ബോക്‌സിങ് പ്രീക്വാര്‍ട്ടറിനു പിന്നാലെ അമേരിക്കന്‍ നീന്തല്‍ താരം റൈലി ഗെയ്ന്‍സ്, ഇമാന്റെ ചിത്രം പങ്കുവെച്ച് 'സ്ത്രീകളുടെ കായികരംഗത്ത് പുരുഷന്മാർക്ക് സ്ഥാനമില്ല' എന്ന് കുറിച്ചിരുന്നു. ഇലോണ്‍ മസ്‌ക് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. ജെ.കെ. റൗളിങ്ങും ഇമാനെ അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ഇതോടെയാണ് ഇമാന്റെ പരാതിയില്‍ ഇരുവരും ഉള്‍പ്പെട്ടിരിക്കുന്നത്.