350 ലേറെ സിവിലിയന്‍സാണ് ഈ ഭീകരാക്രമണങ്ങളിലായി കൊല്ലപ്പെട്ടത്. രാജ്യത്തിനായി 600 ലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവത്യാഗം ചെയ്യേണ്ടി വന്നു
ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പായി ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയുടെ കര-നാവിക-വ്യോമ സേനയുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അടുത്ത കാലത്തായി ഇന്ത്യയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് കൃത്യമായും വ്യക്തമായും ചൂണ്ടിക്കാട്ടി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാണ്ടര്‍ വ്യോമിക സിംഗ് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. ഭീകരത ഇനി വേണ്ട എന്ന ശക്തമായ മുന്നറിയിപ്പും ഇന്ത്യ നല്‍കി.
2001 ലെ പാര്‍ലമെന്റ് ആക്രമണം, 2002 ലെ ഗുജറാത്ത് അക്ഷര്‍ധാം ആക്രമണം, 2008 ലെ മുംബൈ ഭീകരാക്രമണം, ഉറി, പുല്‍വാമ ആക്രമണങ്ങള്‍, പഹല്‍ഗാം ഭീകരാക്രമണം അടക്കം കഴിഞ്ഞ കാലങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ചു കൊണ്ടായിരുന്നു സംയുക്ത സേനയുടെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ 350 ലേറെ സിവിലിയന്‍സാണ് ഈ ഭീകരാക്രമണങ്ങളിലായി കൊല്ലപ്പെട്ടത്. എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തിനായി 600 ലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവത്യാഗം ചെയ്യേണ്ടി വന്നു. രാജ്യത്തെ കാക്കുന്ന 1400 ഓളം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇനി ഇത്തരം പ്രവര്‍ത്തികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് കേന്ദ്രങ്ങളിലായി ഇന്ത്യ നടത്തിയ 24 മിസൈല്‍ ആക്രമണങ്ങളില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ മധ്യനിര, മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 70 ഭീകരര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഒമ്പത് കേന്ദ്രങ്ങളില്‍ കൃത്യമായി ഏകോപിപ്പിച്ച 24 മിസൈല്‍ ആക്രമണങ്ങളിലൂടെ, അതിര്‍ത്തി കടന്നുള്ള ഭീകരതയെയോ അതിന് സഹായിക്കുന്ന പ്രവര്‍ത്തികളേയോ ഇനി അനുവദിക്കില്ലെന്ന് ഇന്ത്യ തെളിയിച്ചു.
ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാനിലെ സാധാരണ ജനങ്ങള്‍ക്ക് ജീവഹാനിയുണ്ടാകാതിരിക്കാന്‍ സൈന്യം ശ്രദ്ധിച്ചതായി സംയുക്ത സേനാ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആക്രമണത്തിനുള്ള ആയുധങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ക്ലിനിക്കല്‍ കൃത്യതയോടെ ഭീകരകേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ ഒരു സിവിലിയനും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കി.
പുലര്‍ച്ചെ, 1.05 മുതല്‍ 1.30 വരെയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യന്‍ സൈന്യം തകര്‍ത്ത പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളുടെ വിവരങ്ങള്‍ സോഫിയ ഖുറേഷി എണ്ണിപ്പറഞ്ഞു. അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവരടക്കമുള്ള ഭീകരര്‍ പരിശീലനം നടത്തിയ കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്.
പാകിസ്ഥാന്‍ വളര്‍ത്തിയ ഒമ്പത് ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തി നശിപ്പിച്ചു. ഈ കേന്ദ്രങ്ങളില്‍ നിന്നാണ് പാകിസ്ഥാന്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും ഇന്ത്യന്‍ സേന വ്യക്തമാക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തത്.