ലഹരിക്കെതിരെ ജനങ്ങളെ ഉള്‍പ്പെടുത്തി വന്‍ പ്രചാരണം നടത്തുന്ന സമയത്ത് പ്രതിച്ഛായ മോശമായ ഉദ്യേഗസ്ഥന്‍ തലപ്പത്ത് ഇരിക്കുന്നതിലായിരുന്നു മന്ത്രിക്ക് അതൃപ്തി
പൊലീസ് തലപ്പത്തെ അഴിച്ചുപണി 8-ാം ദിവസം തിരുത്തുന്ന അസാധാരണ നടപടിക്ക് കാരണമായത് മന്ത്രി എം.ബി. രാജേഷിന്റെ അതൃപ്തിയെന്ന് സൂചന. എഡിജിപി എം.ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കിയതില്‍ വകുപ്പ് മന്ത്രി രാജേഷിന്റെ അതൃപ്തിയാണ് തിരുത്തലിന് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലഹരിക്കെതിരെ ജനങ്ങളെ ഉള്‍പ്പെടുത്തി വന്‍ പ്രചാരണം നടത്തുന്ന സമയത്ത് പ്രതിച്ഛായ മോശമായ ഉദ്യേഗസ്ഥന്‍ തലപ്പത്ത് ഇരിക്കുന്നതിലായിരുന്നു മന്ത്രിക്ക് അതൃപ്തി. എക്‌സൈസ് കമ്മീഷണറായി മികച്ച പ്രവര്‍ത്തനം നടത്തുന്ന മഹിപാല്‍ യാദവിനെ വിരമിക്കാന്‍ മൂന്നര മാസം മാത്രം ബാക്കി നില്‍ക്കെ മാറ്റേണ്ടതുണ്ടോയെന്ന് രാജേഷ് ചോദിച്ചിരുന്നു.
ALSO READ: എം. ആർ. അജിത് കുമാർ ബെറ്റാലിയനിൽ തുടരും; പൊലീസ് തലപ്പത്തെ അഴിച്ചുപണി തിരുത്തി ഉത്തരവ്
ഇതിനൊപ്പം അഴിച്ചു പണിക്കെതിരെ ഉദ്യോഗസ്ഥര്‍ അത്യപ്തി പറഞ്ഞതും തിരുത്തലിന് കാരണമായി. ഡിജിപി ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥരോട് ആലോചിക്കാതെയായിരുന്നു ആദ്യ അഴിച്ചുപണി നടത്തിയത്. സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇത് പ്രായോഗിക ബുദ്ധിമുട്ടായതോടെ പലരും പരാതി പറഞ്ഞു. ബല്‍റാം കുമാര്‍ ഉപാധ്യായ, മഹിപാല്‍ യാദവ്, കെ. സേതുരാമന്‍, എ. അക്ബര്‍ എന്നിവരാണ് അസൗകര്യം അറിയിച്ച് മുഖ്യമന്ത്രിയെ കണ്ടത്. ഇതോടെയാണ് മനോജ് എബ്രഹാമിനെ വിജിലന്‍സ് ഡയറക്ടറും യോഗേഷ് ഗുപ്തയെ ഫയര്‍ ഫോഴ്‌സ് മേധാവിയുമാക്കിയത് ഒഴിച്ച് മറ്റെല്ലാ മാറ്റങ്ങളും റദ്ദാക്കിയത്.
ഉത്തരവ് റദ്ദാക്കിയതോടെ അജിത് കുമാര്‍ ബറ്റാലിയന്‍ ചുമതലയില്‍ തുടരും. കഴിഞ്ഞ ആഴ്ച നടത്തിയ സുപ്രധാന അഴിച്ചു പണി തീരുമാനങ്ങളാണ് റദ്ദാക്കിയത്.