കോളേജ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ എട്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തിയതാണ് കേസ്
തമിഴ്‌നാടിനെ ഞെട്ടിച്ച പൊള്ളാച്ചി കൂട്ടബലാത്സംഗ കേസില്‍ ഒമ്പത് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തേ വിധിച്ചിരുന്നു. കോയമ്പത്തൂര്‍ സെഷന്‍ കോടതിയുടേതാണ് വിധി. പ്രതികള്‍ക്കെല്ലാം ജീവപര്യന്തം തടവ് ശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
ശബരിരാജന്‍ എന്ന റിശ്വന്ത്(32), തിരുനാവുക്കരശു (34), ടി. വസന്തകുമാര്‍ (30), എം. സതീഷ് (33), മണിവണ്ണന്‍ എന്ന ആര്‍. മണി, പി. ബാബു (33), ഹാരോണ്‍ പോള്‍ (32), അരുളാനന്ദം (39), അരുണ്‍കുമാര്‍ (33) എന്നിവരാണ് കേസിലെ പ്രതികള്‍. 2019 ല്‍ നടന്ന സംഭവത്തില്‍ പ്രതികളെല്ലാം നിലവില്‍ സേലം സെന്‍ട്രല്‍ ജയിലിലാണ്.
എന്താണ് പൊള്ളാച്ചി കേസ്?
കോളേജ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ എട്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തിയ സംഭവം പുറത്തറിയുന്നത് 2019 ലാണ്. സ്ത്രീകളെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തുകയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. 2016 നും 2018 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Also Read: പഞ്ചാബിൽ വിഷമദ്യ ദുരന്തം; 14 മരണം, ആറ് പേർ ചികിത്സയിൽ
ഒമ്പത് പ്രതികള്‍ക്കെതിരെ ബലാത്സംഗം, കൂട്ടബലാത്സംഗം, തുടര്‍ച്ചയായ ലൈംഗിക പീഡനം, കുറ്റകരമായ ഗൂഢാലോചന, ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ആദ്യം പൊള്ളാച്ചി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് തമിഴ്‌നാട് ക്രൈം ബ്രാഞ്ചിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പും ശേഷം സിബിഐയും ഏറ്റെടുത്തു.
പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ തുടര്‍ച്ചയായി പീഡിപ്പിക്കുകയും പണം വാങ്ങുകയും ചെയ്‌തെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 19 കാരിയായ പെണ്‍കുട്ടിയാണ് ആദ്യം ദുരനുഭവം തുറന്നു പറഞ്ഞത്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കോയമ്പത്തൂരിലെയും പൊള്ളാച്ചിയിലേയും കോളേജ് വിദ്യാര്‍ഥികള്‍ അടക്കം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.