തടവ് ശിക്ഷയ്ക്കു പുറമെ, 15 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്
കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനു മുമ്പ് 12 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. ദിലീപ് സത്യന്‍. ജീവപര്യന്തം തടവിനു പുറമെ, വീട് കത്തിച്ചതിന് സെക്ഷന്‍ 436 പ്രകാരം ഏഴ് വര്‍ഷം തടവും തെളിവ് നശിപ്പിച്ചതിന് സെക്ഷന്‍ 201 പ്രകാരം അഞ്ച് വര്‍ഷം തടവുമാണ് കേഡലിന് വിധിച്ചത്.
ഈ രണ്ട് തടവ് ശിക്ഷയും അനുഭവിച്ചതു ശേഷം മാത്രമേ ജീവപര്യന്തം തടവ് ശിക്ഷ ആരംഭിക്കുകയുള്ളൂ. തടവ് ശിക്ഷയ്ക്കു പുറമെ, 15 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഒന്നാം കക്ഷിയായ അമ്മാവന്‍ ജോസിനാണ് തുക നല്‍കേണ്ടത്. വീട് കത്തിച്ചതിന് രണ്ട് ലക്ഷം രൂപയും തെളിവ് നശിപ്പിച്ചതിന് ഒരു ലക്ഷം രൂപയും നാല് പേരുടെ കൊലപ്പെടുത്തിയതില്‍ മൂന്ന് ലക്ഷം രൂപ വീതവും അടക്കമാണ് 15 ലക്ഷം രൂപ പിഴ ചുമത്തിയത്.
Also Read: സാത്താൻ സേവയുടെ മറവിലൊരു സൈക്കോ കൊലപാതകം; നന്തൻകോട് കേസിൻ്റെ നാൾവഴികൾ...
നന്തന്‍കോട് കൂട്ടക്കൊലപാതക കേസിലെ ഏക പ്രതിയാണ് കേഡല്‍. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2017 ലാണ് കേരളത്തെ ആകെ ഞെട്ടിച്ച അരുംകൊലകള്‍ നടന്നത്. അച്ഛന്‍ റിട്ട. പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീന്‍ പദ്മ, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെയാണ് കേഡല്‍ കൊലപ്പെടുത്തിയത്.
Also Read: നന്തന്‍കോട് കൂട്ടക്കൊല; കേരളം ഞെട്ടിയ ആസ്ട്രല്‍ പ്രൊജക്ഷനും സൈക്കോ കൊലപാതകങ്ങളും
ഓണ്‍ലൈനിലൂടെ വാങ്ങിയ മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടിയും അടിച്ചുമായിരിന്നു കൊലപാതകം. പെട്രോള്‍ ഒഴിച്ചു മൃതദേഹങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ച ശേഷം പ്രതി ചെന്നൈയിലേക്ക് കടന്നുകളയുകയും ചെയ്തു. തിരികെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കേഡലിനെ പൊലീസ് പിടികൂടുകയായിരുന്നു.
രക്ഷിതാക്കളോടുള്ള പകയാണ് കൂട്ടക്കുരുതിയിലേക്ക് നയിച്ചതെന്ന് പ്രതി മനോരോഗ വിദഗ്ധന് മുമ്പില്‍ തുറന്നുപറഞ്ഞിരുന്നു. കൊലപാതക കാരണം ആസ്ട്രല്‍ പ്രൊജക്ഷന്‍ ആണെന്നാണ് പ്രതി ആദ്യം പ്രതികരിച്ചത്. കേസില്‍ 41 സാക്ഷികളെ വിസ്തരിച്ചു. 104 രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.