തെക്കേ ഗോപുര നട അടഞ്ഞ് ഗജവീരൻമ്മാർ നിരന്നതിന് പിന്നാലെയാണ് പൂരത്തിലെ പ്രധാന ആകർഷണമായ കുടമാറ്റം ആരംഭിച്ചത്
കാഴ്ചാ വസന്തമായി തൃശൂർ പൂരത്തിലെ കുടമാറ്റം. തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങൾ മുഖാമുഖം നിന്ന് ഉയർത്തിയത് വർണ വൈവിധ്യത്തിൻ്റെ കുടകൾ. കുടകളിൽ ഗണപതിയും ശിവപാർവതിയും മാവേലിയും പ്രത്യക്ഷപ്പെട്ടു. തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരൻമാർ ഇരുഭാഗങ്ങളിലായി നിരന്ന് കാഴ്ചയുടെ വര്‍ണ വിസ്മയം തന്നെ തീര്‍ത്തു.
തെക്കേ ഗോപുര നട അടഞ്ഞ് ഗജവീരൻമ്മാർ നിരന്നതിന് പിന്നാലെയാണ് പൂരത്തിലെ പ്രധാന ആകർഷണമായ കുടമാറ്റം ആരംഭിച്ചത്. കുടമാറ്റത്തിനായി പാറമേക്കാവാണ് ആദ്യം തെക്കോട്ടിറങ്ങിയത്. തിരുവമ്പാടിയും പുറത്തെത്തിയതോടെ വര്‍ണക്കാഴ്ച ആരംഭിച്ചു. വർണ കുടകൾ, എൽഇഡി ലൈറ്റുകളുള്ള കുടകൾ, ഫോട്ടോകൾ പതിച്ച കുടകൾ ഇങ്ങനെ ഇരുവിഭാഗങ്ങളും ഒരുക്കിവെച്ചിരിക്കുന്ന സസ്പെൻസുകൾ കാണാൻ കാത്തിരിക്കുകയായിരുന്നു പൂരപ്രേമികൾ. കാഴ്ചക്കരുടെ മനം നിറയ്ക്കും വിധം മനോഹരമായിരുന്നു കുടമാറ്റം.
ഇലഞ്ഞിത്തറ മേളത്തിൻ്റെ ആത്മഹർഷത്തിലായിരുന്നു പൂര പ്രേമികൾ. മേളപ്രമാണി കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം കലാകാരൻമാർ അണിനിരന്നത്. പിന്നാലെ ഭക്തിയും ആവേശവും നിറച്ച് ഭഗവതിമാർ തെക്കോട്ടിറങ്ങി.
ALSO READ: പൂരപ്പെരുമയിൽ ശക്തൻ്റെ തട്ടകം; കൊട്ടിക്കയറി ആവേശം, ഒഴുകിയെത്തി ജനസാഗരം
അതേസമയം കുടമാറ്റം കാണാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർ തളർന്ന് വീണു. നിർജലീകരണവും കനത്ത ചൂടും മൂലമാണ് നിരവധി ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായത്. തളർന്ന് വീണവരെയും ശ്വാസ തടസം നേരിട്ടവരെയും തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ വകുപ്പും പൊലീസും ഫയർഫോഴ്സും സംയുക്തമായി അതിവേഗം ഇടപെട്ടു.
എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമാണ് കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിനുള്ളത്. വടക്കുംനാഥനെ സാക്ഷി നിർത്തി തൃശൂർ നഗരത്തിലെ ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നി രണ്ടു ക്ഷേത്രങ്ങൾ ആണ് ഇതിൽ പങ്കെടുക്കുന്നത്. കൂടാതെ കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്‌ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങൾ അവതരിപ്പിക്കുന്ന ചെറുപൂരവും ചേർന്നതാണ് തൃശൂർ പൂരം.
ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നി രണ്ടു ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്.
തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.