സിനിമയിലെ നായികയായി സമാന്തയുടെയും നയന്‍താരയുടെയും പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല
'വാരണം ആയിരം;, 'കാക്ക കാക്ക', 'വിണ്ണൈതാണ്ടി വരുവായ' തുടങ്ങിയ നിരവധി സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഗൗതം മേനോന്‍. മലയാളി ആണെങ്കിലും മലയാള സിനിമയില്‍ അഭിനയിച്ചതല്ലാതെ സംവിധാനത്തിലേക്ക് കടക്കാന്‍ ഇതുവരെ അദ്ദേഹം തയാറായിരുന്നില്ല. ഒടുവിലിതാ തന്‍റെ ആദ്യ മലയാള സിനിമയുടെ ജോലികളിലേക്ക് ഔദ്യോഗികമായി കടന്നിരിക്കുകയാണ് ഗൗതം മേനോന്‍.
മലയാളത്തിന്‍റെ അഭിനയ പ്രതിഭ മമ്മൂട്ടി നായകനായെത്തുന്ന ചിത്രം അദ്ദേഹത്തിന്‍റെ തന്നെ സിനിമ നിര്‍മാണ സംരഭമായ മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ഒരുക്കുന്നത്. കൊച്ചിയില്‍ നടന്ന സിനിമയുടെ പൂജയില്‍ അണിയറ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു.
'നന്‍പകല്‍ നേരത്ത് മയക്കം', 'കണ്ണൂര്‍ സ്ക്വാഡ്', 'റോഷാക്ക്', 'കാതല്‍', 'ടര്‍ബോ' എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള സിനിമയാകും എന്നാണ് റിപ്പോര്‍ട്ട്. സിനിമയിലെ നായികയായി സമാന്തയുടെയും നയന്‍താരയുടെയും പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിഷ്ണു ദേവ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദർബുക ശിവയാണ്. ആന്റണി എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ് എന്നിവരാണ്.