മാഹി സ്വദേശിനി ഗാന വിജയൻ നൽകിയ പരാതിയിലാണ് ഷാജൻ സ്കറിയയ്ക്കെതിരെ കേസ് എടുത്ത്
അപകീർത്തി കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് ജാമ്യം. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ഷർട്ട് പോലും ധരിക്കാനുള്ള സാവകാശം നൽകാതെ തന്നെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച ഷാജൻ സ്കറിയ പിണറായിസം തുലയട്ടെ എന്ന മുദ്രാവാക്യവും വിളിച്ചു.
മാഹി സ്വദേശിനി ഗാന വിജയൻ നൽകിയ പരാതിയിലാണ് ഷാജൻ സ്കറിയയ്ക്കെതിരെ കേസ് എടുത്ത്. യൂട്യൂബ് ചാനലിലൂടെ അപകീർത്തിപരമായ പരാമർശം നടത്തിയെന്നാണ് പരാതിയി പറയുന്നത്. ജനുവരിയിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹത്തിൽ മോശം സ്ത്രീയെന്നു വരുത്തി തീർക്കാൻ വ്യാജവാർത്തകൾ നൽകിയെന്ന് പരാതിക്കാരി ആരോപിച്ചു. ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനങ്ങൾ നൽകി പണം തട്ടിയെടുക്കുന്ന തരത്തിൽ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു.
ALSO READ: അപകീർത്തികരമായി വാർത്ത നൽകി; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ
എന്നാൽ ആരെക്കുറിച്ചും അശ്ലീല പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയോ ഡിജിപിയോ ആയിരിക്കും തനിക്കെതിരായ കേസിന് പിന്നിലെന്നും ഷാജൻ സ്കറിയ ജാമ്യം ലഭിച്ചതിനുശേഷം പ്രതികരിച്ചു. ഇന്നലെയാണ് തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തത്.