"ഇത് തുടക്കം മാത്രമാണ് എന്നാണ് എന്റെ വിശ്വാസം. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ഭീകരരുടെ ക്യാംപുകള്‍ തുടച്ചുമാറ്റാന്‍ തക്കതായ നടപടിയുമായി ഇന്ത്യന്‍ സൈന്യം മുന്നോട്ട് പോകുമെന്ന് ഉറപ്പുണ്ട്"
ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാമിലെ രക്തസാക്ഷികള്‍ക്കും കുടുംബത്തിനും സൈന്യം നീതി നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവും ഇന്ത്യയുടെ മുന്‍ പ്രതിരോധമന്ത്രിയുമായ എ. കെ. ആന്റണി. സൈന്യത്തിന് ഒരു ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും എ. കെ. ആന്റണി പറഞ്ഞു.
ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടാണ്. ഭീകരരുടെ ക്യാംപ് തകര്‍ക്കാന്‍ സൈന്യം മുന്നോട്ട് പോകും. ഇന്ത്യന്‍ സേനയില്‍ പൂര്‍ണ വിശ്വാസമെന്നും ആന്റണി പ്രതികരിച്ചു. തുടക്കം നന്നായി. സൈന്യം ഇനിയും മുന്നോട്ട് പോകും. ഇന്ത്യക്കൊപ്പം ലോക മനഃസാക്ഷി ഉണ്ടെന്നാണ് വിശ്വാസം. ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരതയ്ക്ക് എതിരായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: തിരിച്ചടിച്ച് ഇന്ത്യ; പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 'ഓപ്പറേഷന്‍ സിന്ദൂർ'
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലിയെും ഭീകരരുടെ ഒന്‍പത് കേന്ദ്രങ്ങള്‍ തകര്‍ത്തത്. ആക്രമണത്തിന് പിന്നാലെ നീതി നടപ്പായെന്ന് സൈന്യം അറിയിച്ചു.
മുരിഡ്കെ, ബഹവല്‍പൂര്‍, കോട്ലി, ചക് അമ്രു, ഭീംബര്‍, ഗുല്‍പൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. ജെയ്‌ഷെ ഭീകരന്‍ മസൂദ് അസറിന്റെയും ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെയും ശക്തികേന്ദ്രങ്ങളിലെ ലക്ഷ്യം വെച്ചാണ് ആക്രണം നടന്നത്. ആറിടങ്ങളിലായാണ് ആക്രണം നടന്നതെന്ന് പാകിസ്ഥാന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചുവെന്നും 35 പേര്‍ക്ക് പരിക്കേറ്റെന്നും 2 പേരെ കാണാതായെന്നും പാകിസ്ഥാന്‍ അറിയിക്കുന്നു.
ആക്രമണത്തിന് പിന്നാലെ ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങള്‍ അടച്ചിടുമെന്ന് വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശ്രീനഗര്‍, ജമ്മു, ലേ, അമൃത്സര്‍, ധരംശാല വിമാനത്താവളങ്ങള്‍ ഇതിനോടകം അടച്ചിട്ടുണ്ട്. പാകിസ്ഥാനുമായുള്ള വിമാന സര്‍വീസുകള്‍ ഖത്തര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എമിറേറ്റസ്, ഫിന്‍ എയര്‍, ടര്‍ക്കിഷ് കാര്‍ഗോ, സൗദി വിമാനക്കമ്പനികള്‍ പാക് വ്യോമപാത താത്കാലികമായി ഉപേക്ഷിച്ചു. എയര്‍ ഫ്രാന്‍സ് പാകിസ്ഥാനിലൂടെയുള്ള എല്ലാ വിമാനസര്‍വ്വീസുകളും റദ്ദാക്കി.
എ.കെ. ആന്റണിയുടെ പ്രതികരണം
പഹല്‍ഗാമില്‍ ക്രൂരമായി കൊല്ലപ്പെട്ട രക്തസാക്ഷികളോടും അവരുടെ കുടുംബങ്ങളോടും ഇന്ത്യന്‍ സൈന്യം നീതി പുലര്‍ത്തിയിരിക്കുന്നു. ധീരരായ ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. ഒരു ബിഗ് സല്യൂട്ട് ഇന്ത്യന്‍ സൈന്യത്തിന് നല്‍കുകയാണ്. ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടാണ്. അതുകൊണ്ട് ഭീകരതയ്‌ക്കെതിരായ കേന്ദ്രത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നു.
കശ്മീരില്‍ ടൂറിസം തകര്‍ന്നിട്ടും കശ്മീര്‍ ജനത ഇന്ത്യന്‍ സൈന്യത്തിന് ഒറ്റക്കെട്ടായി ഒപ്പം നില്‍ക്കുന്നതില്‍ അഭിമാനം കൊള്ളുന്നു. ഇത് തുടക്കം മാത്രമാണ് എന്നാണ് എന്റെ വിശ്വാസം. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ഭീകരരുടെ ക്യാംപുകള്‍ തുടച്ചുമാറ്റാന്‍ തക്കതായ നടപടിയുമായി ഇന്ത്യന്‍ സൈന്യം മുന്നോട്ട് പോകുമെന്ന് ഉറപ്പുണ്ട്. ഇന്ത്യന്‍ സേനയില്‍ വിശ്വാസം അര്‍പ്പിക്കുന്നു.
എല്ലാവരും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. പക്ഷെ ഇന്ത്യക്കൊപ്പം ലോക മനഃസാക്ഷിയുണ്ട്. കാരണം ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരതയ്‌ക്കെതിരായ തിരിച്ചടിയാണ്. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണ്. ഒരു വിവാദത്തിനും താനില്ല. ഈ സമയം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതാണ്. ഈ സമയത്ത് വിവാദം ഉണ്ടാക്കുന്നത് രാജ്യത്തിന് ഗുണകരമാവില്ല.
പാകിസ്ഥാന്‍ സൈന്യത്തിന്റെ നിലനില്‍പ്പ് തന്നെ ഭീകരതയാണ്. സൈന്യത്തെ ധിക്കരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് ഒരിക്കലും കഴിയില്ല.