10.3 ഓവറിൽ ഗുജറാത്ത് 100 റൺസ് കടന്നിരുന്നു. എന്നാല്‍ വിജയലക്ഷ്യം അപ്പോഴും അകലെയായിരുന്നു.
ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ റൺമല താണ്ടാനാകാതെ ഗുജറാത്ത് ടൈറ്റൻസ്. 33 റൺസിനാണ് ലഖ്നൗവിന്റെ വിജയം. 236 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടാനെ സാധിച്ചുള്ളൂ.
ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ഐഡൻ മാക്രമും മിച്ചൽ മാർഷും മികച്ച തുടക്കമാണ് ലഖ്നൗവിന് നൽകിയത്. 10-ാം ഓവറിലാണ് 24 പന്തിൽ 36 റൺസെടുത്ത മാക്രം പുറത്തായത്. സായ് കിഷോറിന്റെ പന്തിൽ ഷാരുഖ് ഖാൻ ക്യാച്ച് എടുക്കുകയായിരുന്നു. എന്നാൽ മാർഷിനെ പിടിച്ചു കെട്ടാൻ ഗുജറാത്ത് ബൗളേഴ്സിന് സാധിച്ചില്ല. രണ്ടാം വിക്കറ്റിൽ പുരാന് ഒപ്പം 20 പന്തിൽ 50 റൺസാണ് മാർഷ് കൂട്ടിച്ചേർത്തത്. 17ാം ഓവറിലാണ് താരം സെഞ്ചുറി തികച്ചത്. 64 പന്തിൽ 117 റൺസെടുത്ത മിച്ചൽ 19-ാം ഓവറിലാണ് പുറത്തായത്. അർഷാദ് ഖാനായിരുന്നു വിക്കറ്റ്. 10 ഫോറും എട്ട് സിക്സുമാണ് മാർഷ് അടിച്ചത്.
പവർപ്ലേ ഓവറിൽ 53 റൺസാണ് ഗുജറാത്ത് ബൗളർമാർ വഴങ്ങിയത്. കഗിസോ റബാഡയാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്. നാല് ഓവറിൽ 45 റൺസാണ് റബാഡ വിട്ടുനൽകിയത്. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് സൂപ്പർ ജയന്റ്സ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പവർപ്ലേ ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് നേടി. അഞ്ചാം ഓവറിൽ ഓപ്പണർ സായ് സുദർശനെ (21) ഗുജറാത്തിന് നഷ്ടമായി. എട്ടാം ഓവറിൽ 35 റൺസെടുത്ത നായകൻ ശുഭ്മാൻ ഗില്ലിനെയും. 10.3 ഓവറിൽ ഗുജറാത്ത് 100 റൺസ് കടന്നിരുന്നു. എന്നാല്‍ വിജയലക്ഷ്യം അപ്പോഴും അകലെയായിരുന്നു. 29 പന്തിൽ 57 റൺസെടുത്ത ഷാരൂഖ് ഖാൻ ആണ് ഗുജറാത്തിന്റെ ടോപ്പ് സ്കോറർ. ജോസ് ബട്‌ലർ (33), ഷെർഫെയ്ൻ റൂഥർഫോർഡ് (38), എന്നിരാണ് ബേധപ്പെട്ട പ്രകടനം കാഴ്ചവെച്ച മറ്റ് ബാറ്റർമാർ.
ലഖ്നൗവിനായി വിൽ ഒ'റൂർക്ക് നാല് ഓവറിൽ 27 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാൻ, ആയുഷ് ബധോനി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ആകാശ് സിങ്, ഷഹബാസ് അഹമ്മദ് എന്നിവരാണ് വിക്കറ്റ് നേടിയ മറ്റ് ലഖ്നൗ ബൗളർമാർ.