ചൂടാക്കി കഴിക്കുന്നതിനിടയിലാണ് മോഷ്ടാവ് ഹോട്ടലിലെ സിസിടിവി കണ്ടത്. ഇതോടെ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു
പാലക്കാട് ചന്ദ്രനഗറില്‍ പ്രവര്‍ത്തിക്കുന്ന മൂണ്‍ സിറ്റി ഹോട്ടലില്‍ മോഷണം നടത്തിയ കള്ളന്‍ സി സി ടി വി യില്‍ കുടുങ്ങി. മോഷണത്തിനിടെ വിശന്ന കള്ളന്‍ അടുക്കളയില്‍ കയറി ബീഫും, ഓംലെറ്റും ഉണ്ടാക്കി കഴിക്കുന്നതിന്റേയും, മോഷണ മുതലുമായി രക്ഷപ്പെടുന്നതിന്റേയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ചന്ദ്രനഗറിലെ ഹോട്ടലിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍ ഹോട്ടലില്‍ സൂക്ഷിച്ച ഹുണ്ടിക മോഷ്ടിച്ചു. ഹുണ്ടികയില്‍ എത്ര രൂപ ഉണ്ടെന്ന് വ്യക്തമല്ല. ഹോട്ടലില്‍ ഉണ്ടായിരുന്ന ഐഫോണിന്റെ ചാര്‍ജറും എടുത്തു. മോഷണത്തിനിടയില്‍ വിശന്നപ്പോള്‍ അടുക്കളയില്‍ കയറി ഒരു ഓംലെറ്റും ഉണ്ടാക്കി കഴിച്ചു.
ഇതിനുശേഷം ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോള്‍ ബീഫ് ഫ്രൈ കണ്ടു. ചൂടാക്കി കഴിക്കുന്നതിനിടയിലാണ് മോഷ്ടാവ് ഹോട്ടലിലെ സിസിടിവി കണ്ടത്. ഇതോടെ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരും കസബ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ മറ്റ് സ്ഥാപനങ്ങളില്‍ മോഷണം നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. പ്രൊഫഷണലായി മോഷ്ടിക്കുന്ന ആള്‍ അല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വിരലടയാളം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങള്‍ ലഭിച്ചിട്ടില്ല.