ഇന്നലെയാണ് കൊച്ചുമകന്‍റെ മർദനമേറ്റ് ചികിത്സയിലായിരുന്ന 88 വയസുകാരി കാർത്ത്യായനി മരിച്ചത്
കണ്ണൂർ പയ്യന്നൂരിലെ വയോധികയുടെ മരണത്തിൽ കൊച്ചുമകൻ അറസ്റ്റിൽ. കേസിലെ പ്രതിയായ റിജുവിനെതിരെ കൊലക്കുറ്റം ചുമത്തി. ഇന്നലെയാണ് റിജുവിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന 88 വയസുകാരി കാർത്ത്യായനി മരിച്ചത്. കാർത്ത്യായനിയുടെ മരണ കാരണം ആന്തരിക രക്തസ്രാവമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
ബുധനാഴ്ച രാത്രി 8.30ഓടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് കാർത്ത്യായിനി മരിച്ചത്. ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് കാർത്ത്യായനി മരിച്ചത്.
Also Read: കൃത്യസമയത്ത് എത്തിയിട്ടും, ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ KSRTC ബസ്!
കാർത്ത്യായനിയുടെ മരണത്തിനു പിന്നാലെ ഇവരെ മർദിച്ച കൊച്ചുമകൻ റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷം അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു തീരുമാനം. ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.