മൂന്ന് മാസത്തിനിടെ എട്ട് ലഹരി കേസുകളാണ് ജയിലിൽ നിന്ന് രജിസ്റ്റർ ചെയ്തത്
സംസ്ഥാനത്തൊട്ടാകെ എക്സൈസ് സംഘവും പൊലീസും ലഹരിവേട്ട നടത്തുമ്പോൾ സർവ സുരക്ഷയും ഉണ്ടെന്ന് നാം കരുതുന്ന ജയിലുകൾക്കുള്ളിൽ ഫോണുകളും ലഹരി വസ്തുക്കളും സുലഭമാണെന്നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഫോണുകൾക്കൊപ്പം ലഹരിയുടെ ലഭ്യതയും ജയിലിൽ കൂടുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മൂന്ന് മാസത്തിനിടെ എട്ട് ലഹരി കേസുകളാണ് ജയിലിൽ നിന്ന് രജിസ്റ്റർ ചെയ്തത്. ജയിലിനികത്ത് തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ജയിലിൽ ഇരുന്ന് കുറ്റകൃത്യം ആസൂത്രണം ചെയ്ത് ഏകോപിപ്പിക്കുന്നതുമെല്ലാം തുടർക്കഥകളാവുകയാണ്.
കഴിഞ്ഞ നാല് മാസത്തിനിടെ മൊബൈൽ ഫോൺ പിടികൂടിയ ഒൻപത് കേസുകളാണ് ജയിൽ അധികൃതരുടെ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. ജയിലിൽ മൊബൈൽ ഫോൺ എത്തിച്ച രണ്ട് കൊലക്കേസ് പ്രതികളെ വിയ്യൂരിലേക്ക് മാറ്റിയതും അടുത്തിടെയാണ്. പെരിന്തൽമണ്ണ സ്വർണ കവർച്ച കേസിലെ പ്രതി വിപിൻ ഗൂഢാലോചന നടത്തിയതും കവർച്ചാ സംഘത്തെ ഏകോപിപ്പിച്ചതും കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ ആയിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർച്ചയായി മൊബൈൽ ഫോണുകൾ പിടിക്കപ്പെട്ടതോടെ ജയിൽ ഡിഐജിക്ക് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളാണുള്ളത്.
Also Read: സംവിധായകർ ഉള്‍പ്പെട്ട ഹൈബ്രിഡ് കഞ്ചാവ് കേസ്: സമീർ താഹിർ ഇന്ന് എക്സൈസിന് മുന്നിൽ ഹാജരാകാൻ സാധ്യത
കോടതിയിൽ ഹാജരാക്കി തിരികെ വരുമ്പോഴാണ് മൊബൈൽ ഫോണുകൾ തടവുകാർ ജയിലിലേക്ക് എത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. യാത്രാ മധ്യേ ഫോണുകൾ കൈമാറപ്പെടുകയാണ് ചെയ്യുന്നത്. തിരക്കേറിയ സ്വകാര്യ ബസുകളിൽ ഉൾപ്പെടെ കോടതിയിലേക്ക് കൊണ്ടുപോവുകയും വരികയും ചെയ്യുന്ന പ്രതികൾക്ക് ഫോണുകൾ കൈമാറിക്കിട്ടാൻ അവസരം ഏറെയാണ്. ഒളിച്ചു കടത്താനുള്ള സൗകര്യം നോക്കി വലിപ്പം കുറഞ്ഞ കീ പാഡ് ഫോണുകളാണ് ഇത്തരത്തിൽ എത്തിക്കുന്നത്. ചെറിയ ഫോണുകൾ മലദ്വാരത്തിൽ ഒളിപ്പിച്ച് അകത്തേക്ക് കടത്തിയെന്ന് ജയിൽ ഡിഐജിക്ക് നൽകിയ റിപ്പോർട്ടിൽ സൂപ്രണ്ട് പറയുന്നു.
Also Read: പേവിഷബാധയേറ്റ് വീണ്ടും മരണം; തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലിരുന്ന ഏഴ് വയസുകാരി മരിച്ചു
മറ്റൊരു മാർഗ്ഗം മതിലിനപ്പുറത്ത് നിന്ന് അകത്തേക്ക് ഫോണുകൾ എറിഞ്ഞു നൽകലാണ്. കഴിഞ്ഞ നാലുമാസത്തിനിടെ ഇത്തരത്തിൽ ജയിലിലെത്തിച്ച മൂന്ന് ഫോണുകൾ പിടികൂടി. കഴിഞ്ഞ ദിവസം മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടിയിരുന്നു. ജയിലിനകത്ത് സെല്ലുകളിലും പരിസരത്തും ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ ഫോണുകളും ലഹരി വസ്തുക്കളും പിടികൂടുന്നുണ്ടെങ്കിലും ജയിലിനകത്ത് ഇവ എത്തുന്നത് തടയാൻ സാധിക്കുന്നില്ല. ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയാൽ കണ്ടെത്താനുള്ള ഒരു മാർഗവും ജയിലിൽ ഇല്ല. മലദ്വാരത്തിലും മറ്റും ഒളിപ്പിക്കുന്ന വസ്തുക്കൾ കണ്ടെത്താൻ മെറ്റൽ സ്കാനർ പോലുള്ള സംവിധാനങ്ങളും ആധുനിക ഉപകരണങ്ങളും ഉണ്ടായാലേ സാധിക്കൂ. ആയിരത്തിലേറെ തടവുകാരുള്ള ജയിലിൽ ആനുപാതികമായി ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാണ്.