പുലിപ്പല്ല് കഴുത്തിലിട്ടെന്ന കേസിന്‍റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് മുമ്പാകെ വിവരിച്ചതിനാണ് ആർ. അധീഷിനെ സ്ഥലം മാറ്റിയത്
റാപ്പർ വേടനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സ്ഥലംമാറ്റിയ റേഞ്ച് ഓഫീസറിൻ്റെ ഹർജിയിൽ സർക്കാരിൻ്റെ വിശദീകരണം തേടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. കോടനാട് റേഞ്ച് ഓഫീസറായിരുന്ന ആർ. അധീഷാണ് ഹർജി സമർപ്പിച്ചത്. പുലിപ്പല്ല് കഴുത്തിലിട്ടെന്ന കേസിന്‍റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് മുമ്പാകെ വിവരിച്ചതിനാണ് ആർ. അധീഷിനെ സ്ഥലം മാറ്റിയത്. ഇതിനെത്തുടർന്നാണ് അധീഷ് ആണ് ഹർജി നൽകിയത്.
വേടനെ അറസ്റ്റ് ചെയ്തതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധത്തിൻ്റെ തുടർച്ചയായാണ് തന്‍റെ സ്ഥലമാറ്റം എന്നാരോപിച്ച് ഹരജിക്കാരൻ ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കെഎടിയെയാണ് സമീപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഹർജി തീർപ്പാക്കിയിരുന്നു. തുടർന്ന് കെഎടിയിലും ഹർജി നൽകുകയായിരുന്നു. വേടന് ശ്രീലങ്കൻ ബന്ധമുണ്ടെന്നതടക്കം സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് നൽകിയതെന്ന ആരോപണത്തിൻമേൽ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
സർക്കാരിൻ്റേത് പ്രതികാര നടപടിയല്ലെന്നായിരുന്നു സ്ഥലം മാറ്റയതിന് പിന്നാലെ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചത്. നിയമപരമല്ലാത്ത ഒരു നടപടിയും ചെയ്തിട്ടില്ല. പൊതുജനങ്ങൾ നോക്കി കാണുന്ന വിഷയമാണ് വേടൻ്റേത്. അതുകൊണ്ട് തന്നെ വിഷയത്തിൽ സർക്കാരിന് ചിലത് ചെയ്യേണ്ടിവരുമെന്നും മന്ത്രി പറഞ്ഞിരുന്നു.
റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയ നടപടിയിൽ കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷനും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥരെ ക്രൂശിക്കുന്ന വനംമന്ത്രിയുടെ നിലപാടിനെ സംഘടന ശക്തിക്കൊണ്ട് എതിർക്കും. നടപടി തിരുത്തിയിലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
ഇത്രയും പൊതുജന ശ്രദ്ധയാകർഷിച്ച ഒരു കേസിൽ നിയമവിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാൽ ജോലി പോലും നഷ്ടമായേക്കാവുന്ന അവസ്ഥയിൽ പ്രകൃതിയ്ക്കും നിയമവ്യവസ്ഥയ്ക്കും വേണ്ടി നിലകൊണ്ട കർമനിരതനായ ഉദ്യോഗസ്ഥനെ ആൾക്കൂട്ട കയ്യടിയ്ക്ക് വേണ്ടി ബലികൊടുക്കുന്നത് നീതി നിഷേധവും അങ്ങേയറ്റത്തെ പ്രതിഷേധാർഹവുമാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു.