മത്സരം സമനിലയിൽ അവസാനിക്കും എന്ന പ്രതീതി സ്റ്റേഡിയമാകെ അലയടിച്ച സമയത്തായിരുന്നു, എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റിൽ ക്രൊയേഷ്യൻ താരം ഫിലിപ്പിലൂടെ പഞ്ചാബ് തിരിച്ചടിച്ചത്
ഐഎസ്എല്ലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പഞ്ചാബ് എഫ്സിക്ക് മുന്നിൽ പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽവെച്ച് നടന്ന ആവേശകരമായ മത്സരത്തിൽ എക്സ്ട്രാ ടൈമിലെ അവസാന നിമിഷത്തിലാണ് പഞ്ചാബ് വിജയഗോൾ നേടിയത്. ലൂക്കാ മാസെനും ഫിലിപ്പുമാണ് പഞ്ചാബിനായി ഗോൾ നേടിയത്. സ്പാനിഷ് താരം ജെസൂസ് ജിമനെസാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.
ആവേശകരമായി മുന്നേറിയ മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പ്രകടനം കാഴ്ചവെച്ച ആദ്യ പകുതിയിൽ അവസരങ്ങൾ കൂടുതൽ പഞ്ചാബിനൊപ്പമായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ മികച്ച ഡിഫൻഡിങ് പഞ്ചാബിന്റെ ശ്രമങ്ങളെയെല്ലാം വിഫലമാക്കി. അഞ്ച് ഷോട്ടുകളാണ് പഞ്ചാബ് തൊടുത്തുവിട്ടത്. പക്ഷെ, ഒന്നും ഓൺ ടാർഗറ്റിലായിരുന്നില്ല. എന്നാൽ, ബ്ലാസ്റ്റേഴ്സ് തൊടുത്തുവിട്ട ഒരു ഷോട്ട് കൃത്യം ഓൺ ടാർഗറ്റിലായിരുന്നു.
ആദ്യ പകുതിയിൽ ഗോൾ നേടാൻ സാധിക്കാത്തതിന്റെ ക്ഷീണം ഇരു ടീമുകളും രണ്ടാം പകുതിയിൽ മാറ്റി. തുടക്കം മുതലേ ആക്രമണോത്സുകമായ മുന്നേറ്റങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സും പഞ്ചാബും കാഴ്ച്ചവെച്ചത്. ഒടുവിൽ 86-ാം മിനിറ്റിൽ ലൂക്കാ മാസെസ് നേടിയ പെനാൽട്ടി ഗോളിലൂടെ പഞ്ചാബ് മുന്നിലെത്തി. ഒട്ടും വൈകിയില്ല, ബ്ലാസ്റ്റേഴ്സിന്റെ മറുപടി ഗോളെത്തി. രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ജെസൂസ് ജിമനെസാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾവല കുലുക്കിയത്.
മത്സരം സമനിലയിൽ അവസാനിക്കും എന്ന പ്രതീതി സ്റ്റേഡിയമാകെ അലയടിച്ച സമയത്തായിരുന്നു, എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റിൽ ക്രൊയേഷ്യൻ താരം ഫിലിപ്പിലൂടെ പഞ്ചാബ് തിരിച്ചടിച്ചത്. അതോടെ മത്സരം പഞ്ചാബിന്റെ കൈകളിൽ സുരക്ഷിതം. സീസണിലെ ആദ്യ മത്സരം തന്നെ ജയിച്ച് തുടങ്ങാം എന്ന ബ്ലാസ്റ്റേഴ്സിന്റെ മോഹം അവിടെ അവസാനിക്കുകയായിരുന്നു.