നിക്ഷേപിക്കുന്ന പണത്തിൻ്റെ പത്തിരട്ടി വാഗ്ദാനം ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്
ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് കേസിലെ പ്രതി വീണ്ടും മണി ചെയിൻ തട്ടിപ്പ് നടത്തിയതായി പരാതി. നെക്സ് വൈബ് എന്ന പേരിൽ പുതിയ മണി ചെയിൻ തുടങ്ങി 68 കോടി രൂപയോളം തട്ടിയെടുത്തതായാണ് പരാതി. ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് കേസിലെ പ്രതികളായ ജിനിൽ ജോസഫ്, അമ്പിളി എബ്രഹാം, ഫിജീഷ്, യഹിയാദ് എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപിക്കുന്ന പണത്തിൻ്റെ പത്തിരട്ടി വാഗ്ദാനം ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
കേരളം കണ്ട ഏറ്റവും വലിയ മണിചെയിൻ തട്ടിപ്പായിട്ടാണ് കേരള പൊലീസും ക്രൈം ബ്രാഞ്ചും, ഇഡിയും ഹൈറിച്ച് മണിചെയിൻ തട്ടിപ്പിനെ വിലയിരുത്തുന്നത്. കമ്പനി ഉടമ കെ.ഡി. പ്രതാപൻ, ഭാര്യ സീനാ പ്രതാപൻ, ജിനിൽ, റിയാസ്, ദിനുരാജ്, ലക്ഷ്മണൻ, ദിലീപ്, കനകരാജ്, സുരേഷ്ബാബു, പ്രശാന്ത് നായർ, ബഷീർ, അമ്പിളി, ഫിജീഷ്, ഷമീറ എന്നിവരാണ് കേസിലെ പ്രതികൾ.
ഗ്രോസറി ഉത്പന്നങ്ങളുടെ വിൽപ്പനയുടെ മറവിലാണ് ഇവർ മണിചെയിൻ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് 'ഹൈറിച്ച്' തുടങ്ങിയത് എന്നാണ് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്. വ്യക്തികളില്‍ നിന്ന് പതിനായിരം രൂപ വെച്ച് വാങ്ങി ആകെ 1,630 കോടി രൂപ ഇവർ പിരിച്ചിട്ടുണ്ടെന്നാണ് തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍.