പാറശാല സ്വദേശി ശാമിലിയുടെ മുഖത്താണ് ബേയിലിന്‍ ദാസ് എന്ന സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്‍ മര്‍ദിച്ചത്
തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് ന്യൂസ് മലയാളത്തിന്. അടികൊണ്ട് യുവതി നിലത്ത് വീണെന്നും എഴുന്നേറ്റ യുവതിയെ വീണ്ടും അടിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
നീ ആരോടാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് ഇടതു കവിളില്‍ ആഞ്ഞടിക്കുകയായിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു. തുടര്‍ന്ന് അടികൊണ്ട് തറയില്‍ വീണ ആവലാതിക്കാരി തറയില്‍ നിന്നും എഴുന്നേറ്റ സമയം പ്രതി യുവതിയുടെ വലത് കൈയ്യില്‍ പിടിച്ച് വീണ്ടും ഇടതു കവിളില്‍ ആഞ്ഞടിക്കുകയായിരുന്നു എന്നും എഫ്‌ഐആറില്‍ പറയുന്നു.
ALSO READ: ജൂനിയർ അഭിഭാഷകയ്ക്ക് സീനിയറിന്‍റെ മർദനം: ബേയിലിൻ ദാസിനെ സസ്‌പെൻഡ് ചെയ്ത് തിരുവനന്തപുരം ബാർ അസോസിയേഷൻ
പാറശാല സ്വദേശി ശാമിലിയുടെ മുഖത്താണ് ബേയിലിന്‍ ദാസ് എന്ന സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്‍ മര്‍ദിച്ചത്. സംഭവത്തില്‍ ബേയിലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ബുധനാഴ്ച വിളിച്ച് നാളെ മുതല്‍ ഓഫീസില്‍ വരണ്ട എന്ന് സീനിയര്‍ അഭിഭാഷകന്‍ ശാമിലിയോട് പറഞ്ഞിരുന്നു. ഓഫീസിലെ ടൈപ്പിസ്റ്റിനെ ശാമിലി അപമാനിച്ചുവെന്നായിരുന്നു ആരോപണം. ഇത് ശാമിലി നിഷേധിക്കുകയും ബേയിലിന്‍ ദാസിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. രണ്ട് ദിവസം ഇവര്‍ ഓഫീസിലും പോയിരുന്നില്ല.
ALSO READ: 'സാറിന് ദേഷ്യം വന്നാല്‍ തല്ലും'; വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയറിന്‍റെ മർദനം
എന്നാല്‍, ശനിയാഴ്ച ടൈപ്പിസ്റ്റിന്റെ ഫോണില്‍ നിന്ന് വിളിച്ച് ഓഫീസിലേക്ക് തിരികെയെത്താന്‍ ബേയിലിന്‍ ആവശ്യപ്പെട്ടു. ഓഫീസില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് ക്ഷമ പറയാമെന്നും ഇയാള്‍ പറഞ്ഞതായി ശാമിലി പറയുന്നു. തുടര്‍ന്ന് സീനിയര്‍ അഭിഭാഷകന്റെ ക്യാബിനിലെത്തിയ തന്നോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് അഡ്വ. ബേയിലിന്‍ ദാസ് പുറത്തേക്കിറങ്ങുകയായിരുന്നു. ക്യാബിന് വെളിയില്‍ വെച്ച് എല്ലാവരും നോക്കിനില്‍ക്കെ സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും ശാമിലി പറഞ്ഞു.