ലഷ്‌കര്‍-ഇ-ത്വയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് അടക്കമുള്ള ഭീകരവാദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ള കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി
ക്ലിനിക്കല്‍ കൃത്യതയോടെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തത് ഒമ്പത് കേന്ദ്രങ്ങള്‍. മുസാഫറാബാദ്, കോട്ലി, ബഹവല്‍പൂര്‍, റാവലാകോട്ട്, ചക്‌സവാരി, ഭീംബര്‍, നീലം താഴ്‌വര, ഝലം, ചക്വാല്‍ എന്നിവിടങ്ങളിലായാണ് ഇന്ത്യയുടെ തിരിച്ചടിയുണ്ടായത്.
ലഷ്‌കറെ ത്വയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് അടക്കമുള്ളവയുടെ ഭീകരവാദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ള കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ഒമ്പത് ഭീകരവാദ കേന്ദ്രങ്ങളില്‍ അഞ്ചെണ്ണം പാക് അധീന കശ്മീരിലും നാലെണ്ണം പാകിസ്ഥാനിലുമായാണ്. ജെയ്ഷ്-ഇ-മുഹമ്മദിന്റെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന സ്ഥലമാണ് ബഹവല്‍പൂര്‍. കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനുള്ള ഗതാഗത, ലോജിസ്റ്റിക്‌സ് പോയിന്റുകളായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയ സ്ഥലങ്ങളാണ് മുസാഫറാബാദും ഭീംബറും.
എല്ലാ ആക്രമണങ്ങളും അവയുടെ ലക്ഷ്യങ്ങള്‍ നേടിയതായും ഭീകരരുടെ കമാന്‍ഡ് സെന്ററുകള്‍, പരിശീലന ക്യാംപുകൾ, ആയുധ ഡിപ്പോകള്‍, സ്റ്റേജിങ് സൗകര്യങ്ങള്‍ എന്നിവ നശിപ്പിച്ചതായും ഇന്ത്യ അറിയിച്ചു. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
ALSO READ: അക്ഷര്‍ധാം, ഉറി, പുല്‍വാമ, പഹല്‍ഗാം: ഭീകരത ഇനി വേണ്ട; പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്
പുലര്‍ച്ചെ, 1.05 മുതല്‍ 1.30 വരെ ഇരുപത്തിയഞ്ച് മിനുട്ട് നീണ്ടു നിന്നതായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബഹവല്‍പൂരില്‍ മസൂദ് അസ്ഹറിന്റെ സഹോദരി അടക്കം പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം.
ഇന്ത്യ തകര്‍ത്ത ഒമ്പത് കേന്ദ്രങ്ങള്‍
1. മര്‍കസ് സുബ്ഹാന്‍ അല്ല, ബഹവല്‍പൂര്‍
2. മര്‍കസ് തായ്ബ, മുരിഡ്‌കെ
3. സര്‍ജല്‍ / തെഹ്റ കലാന്‍
4. മെഹ്‌മൂന ജോയ ഫെസിലിറ്റി, സിയാല്‍കോട്ട്
5. മര്‍കസ് അഹ്ലെ ഹദീസ്, ബര്‍ണാല, ഭീംബര്‍
6. മര്‍കസ് അബ്ബാസ്, കോട്ലി
7. മസ്‌കര്‍ റഹീല്‍ ഷാഹിദ്, കോട്ലി
8. ഷാവായ് നല്ല ക്യാമ്പ്, മുസാഫറാബാദ്
9. മര്‍കസ് സയ്യിദ്ന ബിലാല്‍