ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പോലും ഉച്ചരിക്കാൻ ഷഹ്ബാസ് ഷെരീഫിന് ധൈര്യമില്ലെന്ന് എംപി ആരോപിച്ചു
ഷാഹിദ് അഹമ്മദ്
ഇന്ത്യാ-പാകിസ്ഥാൻ സംഘർഷത്തിനിടയിൽ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെയും സർക്കാരിനെയും വിമർശിച്ച് പാർലമെന്റ് അംഗം. ഷഹ്ബാസ് ഷെരീഫിനെ 'ഭീരു' എന്ന് വിശേഷിപ്പിച്ച പാക് എംപി ഷാഹിദ് അഹമ്മദ് ദേശീയ അസംബ്ലിയിൽ പൊട്ടിത്തെറിച്ചു. ഇമ്രാൻ ഖാന്റെ തെഹരികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ എംപിയാണ് ഷാഹിദ് അഹമ്മദ്.
ഈ മുൻസീറ്റിൽ ഇരിക്കുന്ന അധികാരവും പണവും ഉള്ളവർക്ക് യൂറോപ്പിലും യുഎസിലും ആഡംബര വസതികളുണ്ട്. അവർ വിദേശരാജ്യങ്ങളിലേക്ക് കടക്കും. തന്നെ പോലുള്ളവർ എവിടേക്ക് പോകും എന്നാണ് ഷാഹിദ് നേതാക്കളോട് ചോദിച്ചത്. ഇത് നമ്മുടെ രാജ്യമാണെന്ന് പറഞ്ഞ ഷാഹിദ് അഹമ്മദ് പാകിസ്ഥാൻ നിങ്ങൾക്കൊപ്പമില്ലെന്ന് മനസിലാക്കണമെന്നും വിമർശനം സ്വരത്തിൽ സർക്കാരിനോട് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പോലും ഉച്ചരിക്കാൻ ഷഹ്ബാസ് ഷെരീഫിന് ധൈര്യമില്ലെന്ന് എംപി ആരോപിച്ചു. പാകിസ്ഥാൻ സൈന്യം നിരാശയിലാണെന്നും ഈ നിർണായക സമയത്ത് സ്വന്തം സേനയെ പിന്തുണയ്ക്കാൻ കഴിയാതെ രാജ്യം നിസഹായരായി നിൽക്കുകയാണെന്ന് ഷാഹിദ് അഹമ്മദ് വിലപിച്ചു.
ഇമ്രാൻ ഖാനെ ജയിലിലടച്ച് സർക്കാർ വലിയ തെറ്റു ചെയ്തുവെന്നും എംപി ആരോപിച്ചു. ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്ന ആവശ്യം പാകിസ്ഥാനിൽ ശക്തമാണ്. ആഭ്യന്തര അരക്ഷിതാവസ്ഥയ്‌ക്കൊപ്പം ഇമ്രാൻ അനുകൂലികൾ കൂടി തെരുവിൽ ഇറങ്ങുന്നത് ഷഹബാസ് ഷെരീഫ് സർക്കാരിനെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. ഇന്ത്യക്കെതിരേ സൈനിക നീക്കം നടത്തുന്ന പാകിസ്ഥാനിൽ നിലവിൽ സമ്പൂർണ രാഷ്ട്രീയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തെ ഭിന്നതെയും ബലൂച്ച് ലിബറേഷൻ ആർമിയുടെ ആക്രമണങ്ങളും പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സ്ഥിതിഗതികളെ നേരിടാൻ ഷഹ്ബാസ് ഷെരീഫിന് പ്രാപ്തിയില്ലെന്ന വിമർശനം പാർലമെന്റില്‍ ഭിന്നതകൾക്ക് കാരണമാകുന്നു എന്നതാണ് പാകിസ്ഥാനിൽ നിന്ന് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.