സ്ഥിരം കമ്മീഷന്‍ നിഷേധിക്കുന്നതിനെ ചോദ്യം ചെയ്ത് 69 ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് പരിഗണിച്ചത്.
ഷോര്‍ട്ട് സർവീസ് കമ്മീഷൻ വഴി സൈന്യത്തിലെത്തിയ വനിതാ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള നീക്കം സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഓഗസ്റ്റില്‍ വാദം കേള്‍ക്കുന്നതുവരെ, സര്‍വീസിലുള്ളവരെ പിരിച്ചുവിടരുതെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വനിതാ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട കോടതി സ്ഥിരം കമ്മീഷന്‍ നിഷേധിക്കുന്നതിനെയും ചോദ്യം ചെയ്തു. സ്ഥിരം കമ്മീഷന്‍ നിഷേധിക്കുന്നതിനെ ചോദ്യം ചെയ്ത് 69 ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.
സായുധ സേനയെ ചെറുപ്പമായി നിലനിര്‍ത്താനുള്ള നയത്തിന്റെ ഭാഗമായുള്ള ഭരണപരമായ തീരുമാനം എന്നാണ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചത്. സേനയ്ക്ക് യുവ ഉദ്യോഗസ്ഥരെ ആവശ്യമാണ്. എല്ലാ വര്‍ഷവും 250 പേര്‍ക്ക് മാത്രമേ സ്ഥിരം കമ്മീഷന്‍ നല്‍കുന്നുള്ളൂ. വനിതാ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള നീക്കം സ്റ്റേ ചെയ്യരുതെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.
വാദം കേള്‍ക്കുന്നതിനിടെ, ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ജസ്റ്റിസ് സൂര്യകാന്ത് പ്രശംസിച്ചു. ഓരോ പൗരനും സൈന്യത്തോടൊപ്പം നിൽക്കാനും അവരുടെ മനോവീര്യം ഉയർത്താനും ആവശ്യപ്പെടുന്ന സാഹചര്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. "സുപ്രീം കോടതിയിലും കോടതി മുറികളിലും അവരെ ഓടിനടത്തേണ്ട സമയമല്ല ഇത്. അവര്‍ക്ക് സേവനത്തിന് ഇപ്പോള്‍ നല്ലൊരു സ്ഥലമുണ്ട്. അവരുടെ മനോവീര്യത്തെ നാം മാനിക്കണം, അതിനെ ഉയര്‍ത്തണം. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കും. അതുവരെ അവരുടെ സേവനങ്ങളെ പ്രയോജനപ്പെടുത്തുക" - ജസ്റ്റിസ് സൂര്യകാന്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോട് പറഞ്ഞു.
ഹര്‍ജിക്കാരിയായ കേണല്‍ ഗീത ശര്‍മയ്ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷക മനേക ഗുരുസ്വാമി, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച കേണൽ സോഫിയ ഖുറേഷിയെയും വാദത്തില്‍ പരാമര്‍ശിച്ചു. സ്ഥിരം കമ്മീഷനുമായി ബന്ധപ്പെട്ട സമാന കേസില്‍ സോഫിയയും കോടതിയെ സമീപിച്ചിരുന്നു. ഇപ്പോള്‍ അവര്‍ രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുന്നുവെന്ന് മനേക അഭിപ്രായപ്പെട്ടു. എന്നാല്‍, കോടതിക്ക് മുമ്പാകെയുള്ള കേസ് നിയപരമായ ഒന്നാണെന്നും അതിന് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ നേട്ടങ്ങളുമായി ബന്ധമില്ലെന്നുമായിരുന്നു ബെഞ്ചിന്റെ മറുപടി.
സേനയിലെ സ്റ്റാഫ് നിയമനങ്ങൾ ഒഴികെ തസ്തികകളിൽ നിന്നും സ്ത്രീകളെ പൂർണമായി ഒഴിവാക്കുന്നത് ന്യായീകരിക്കാനാവാത്തതാണെന്നും, മറ്റു കാരണങ്ങളൊന്നുമില്ലാതെ കമാൻഡ് നിയമനങ്ങൾക്ക് അവരെ പരിഗണിക്കാത്തത് നിയമപരമായി നിലനിൽക്കില്ലെന്നും 2020 ഫെബ്രുവരി 17ലെ സുപ്രീം കോടതി വിധിയിൽ നിരീക്ഷിച്ചിരുന്നു. അതിനുശേഷവും, സായുധ സേനയിലെ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ നൽകുന്ന വിഷയത്തിൽ സുപ്രീം കോടതി നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നാവിക, വ്യോമ, തീരസംരക്ഷണ സേനകളുടെ കാര്യത്തിലും സമാന ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.