ടോസ് നേടിയ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നായകൻ റിഷഭ് പന്ത് ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സൂപ്പർ സൺഡേയിലെ രണ്ടാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ വീഴ്ത്തി പഞ്ചാബ് കിങ്സ് പോയിൻ്റ് പട്ടികയിൽ രണ്ടാമത്. 37 റൺസിനാണ് പഞ്ചാബിൻ്റെ ജയം. 237 റൺസിൻ്റെ വിജയലക്ഷ്യവുമായി ബാറ്റുവീശിയ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഇന്നിങ്സ് 20 ഓവറിൽ 199/7 എന്ന നിലയിൽ അവസാനിച്ചു. ആയുഷ് ബദോനിയും (74), അബ്ദുൾ സമദും (45) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു.
മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ അർഷ്‌ദീപ് സിങ്ങും രണ്ട് വിക്കറ്റെടുത്ത അസ്മത്തുള്ള ഒമർസായിയും ചേർന്നാണ് പഞ്ചാബിന് മുൻതൂക്കം സമ്മാനിച്ചത്. എയ്ഡൻ മാർക്രം (13), മിച്ചൽ മാർഷ് (0), നിക്കൊളാസ് പൂരൻ (6) എന്നിവരെയാണ് അർഷ്ദീപ് തുടക്കത്തിലേ എറിഞ്ഞിട്ടത്. റിഷ്ഭ് പന്തിനേയും (17) ഡേവിഡ് മില്ലറേയും അസ്മത്തുള്ളയാണ് പുറത്താക്കിയത്. അബ്ദുൾ സമദിനെ (45) മാർക്കോ ജാൻസൺ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബി ബാറ്റർമാർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 236 റൺസാണ് അടിച്ചുകൂട്ടിയത്. ടോസ് നേടിയ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നായകൻ റിഷഭ് പന്ത് ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ധർമശാലയിലെ പിച്ചിൽ പഞ്ചാബി ബാറ്റർമാർ തകർത്തടിക്കുന്ന കാഴ്ചയാണ് കണ്ടത്.
ALSO READ: 6, 6, 6, 6, 6, 6; കൊൽക്കത്തയെ തച്ചുടച്ച് പരാഗ് മാജിക്!
ഓപ്പണർ പ്രിയാംശ് ആര്യയെ (1) തുടക്കത്തിലേ നഷ്ടമായെങ്കിലും, ജോഷ് ഇംഗ്ലിസും (14 പന്തിൽ 30) പ്രഭ്സിമ്രാനും (48 പന്തിൽ 91) ശ്രേയസ് അയ്യരും (25 പന്തിൽ 45) ചേർന്ന് പഞ്ചാബി ഇന്നിങ്സിനെ അതിവേഗം മുന്നോട്ടുനയിച്ചു. നേഹൽ വധേര (16), ശശാങ്ക് സിങ് (15 പന്തിൽ 35), സ്റ്റോയിനിസ് (15) എന്നിവരും വാലറ്റത്ത് തിളങ്ങി. അതേസമയം, ലഖ്നൗവിനായി ആകാശ് മഹാരാജ് സിങ്ങും ദ്വിഗ്വേഷ് സിങ് റാത്തിയും രണ്ട് വീതവും പ്രിൻസ് യാദവും ഒരു വിക്കറ്റുമെടുത്തു.