സാമ്പിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു
പൂരാവേശത്തിലേക്ക് കടന്ന് തൃശൂർ. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ സാമ്പിൾ വെടിക്കെട്ടിന് വർണാഭമായ പര്യവസാനം. രാത്രി ഏഴുമണിയോടെ തിരുവമ്പാടിയുടെയും, എട്ടരയോടെ പാറമേക്കാവ് വിഭാഗത്തിന്‍റെയും സാമ്പിൾ വെടിക്കെട്ട് നടന്നു. മെയ് ആറിനാണ് പൂരം. രാവിലെ കണിമംഗലം ശാസ്താവിന്റെ വരവോടെ മുപ്പത് മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരത്തിന് തുടക്കമാകും. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ഗജവീരന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറന്ന് പൂര വിളംബരം കുറിക്കും. ഇതോടെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാകും.
അതേസമയം, സാമ്പിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിയതിന്‍റെ അവശിഷ്ടം വീണാണ് പരിക്കേറ്റത്. ചാലക്കുടി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍ഫോഴ്സ് ഹോം ഗാര്‍ഡ് ടി.എ. ജോസിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: തൃശൂർ പൂരത്തിന് തിടമ്പേറ്റാൻ രാമനെത്തും! തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസിന് പച്ചക്കൊടി
മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.