2021 മുതൽ ചികിത്സ തേടുന്നുണ്ടെന്നും കൊച്ചി കമ്മീഷണർ പുട്ടവിമലാദിത്യ അറിയിച്ചു
ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ വിളിച്ചയാൾ മാനസിക പ്രശ്നം ഉള്ളയാളെന്ന് കൊച്ചി കമ്മീഷണർ പുട്ട വിമലാദിത്യ. പ്രതി മാനസിക പ്രശ്നം ഉള്ളയാളാണ്. 2021 മുതൽ ചികിത്സ തേടുന്നുണ്ടെന്നും പുട്ട വിമലാദിത്യ അറിയിച്ചു. ഇയാൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുള്ളതായി തെളിവില്ല. ഇയാളെ കസ്റ്റഡിയിൽ വാങ്ങും. പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.
ഇന്നാണ് ഫോൺ വിളിച്ച കോഴിക്കോട് സ്വദേശി പൊലീസ് പിടിയിലായത്. ഹാർബർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേനയാണ് ഇയാൾ ദക്ഷിണ നാവിക സേന ആസ്ഥാനത്തേക്ക് വിളിച്ചത്.
ALSO READ: ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ; കോഴിക്കോട് സ്വദേശി പൊലീസ് പിടിയിൽ
ഇന്ത്യ-പാക് അതിർത്തിയിലെ സംഘർഷത്തിനിടെയായിരുന്നു കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരം ശേഖരിക്കാൻ ശ്രമം നടത്തിയത്.സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. കോഴിക്കോട് സ്വദേശി നിരീക്ഷണത്തിലാണെന്നും ഫോൺ ചെയ്ത ആളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചതായും അധികൃതർ നേരത്തേ പുറത്തുവിട്ടിരുന്നു.
വെള്ളിയാഴ്ച രാത്രി കൊച്ചി നേവൽ ബേസ് ആസ്ഥാനത്തെ ലാൻ്റ് ഫോണിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ്യാജേന വിളിച്ചാണ് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. രാഘവൻ എന്ന പേര് പറഞ്ഞാണ് അജ്ഞാതൻ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ നേവിയുടെ പരാതിയിൽ ഹാർബർ പൊലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.