പാർശ്വവത്കരിക്കപ്പെടുന്ന വിഭാഗത്തിൽ നിന്ന് കെപിസിസി അധ്യക്ഷന്മാർ വന്നിട്ടില്ലെന്ന് പുതിയ കെപിസിസി അധ്യക്ഷനെയും മുൻ അധ്യക്ഷനെയും വേദിയിലിരുത്തി കൊടിക്കുന്നിൽ പറഞ്ഞു
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലെ അതൃപ്തി തുറന്നു പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എംപി. പുതിയ കെപിസിസി അധ്യക്ഷൻ ചുമതലയേൽക്കുന്ന ചടങ്ങിനിടെയാണ് കൊടിക്കുന്നിൽ അതൃപ്തി വെളിപ്പെടുത്തിയത്. അതേ വേദിയിൽ തന്നെ കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷിന് മറുപടി നൽകി.
ALSO READ: "ഇനി സണ്ണി ഡേയ്സ്"; പുതിയ കെപിസിസി നേതൃത്വത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ
കെപിസിസി പുനഃസംഘടനയിലെ അതൃപ്തി വീണ്ടും പരസ്യമായി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൂടിയായ കൊടിക്കുന്നിൽ സുരേഷ്. പാർശ്വവത്കരിക്കപ്പെടുന്ന വിഭാഗത്തിൽ നിന്ന് കെപിസിസി അധ്യക്ഷന്മാർ വന്നിട്ടില്ലെന്ന് പുതിയ കെപിസിസി അധ്യക്ഷനെയും മുൻ അധ്യക്ഷനെയും വേദിയിലിരുത്തി കൊടിക്കുന്നിൽ പറഞ്ഞു. കെപിസിസി ഓഫീസിൽ സ്ഥാപിച്ച പ്രഥമ പ്രസിഡന്റ് മുതൽ മുല്ലപ്പള്ളി വരെയുള്ളവരുടെ ഫോട്ടോ ചൂണ്ടികാട്ടിയായിരുന്നു കൊടിക്കുന്നിൽ സുരേഷിൻ്റെ വിമർശനം.
മുതിർന്ന നേതാവായ കൊടിക്കുന്നിൽ സുരേഷിന്റെ പരസ്യ പ്രസ്താവനയ്ക്ക് ഇതേ വേദിയിൽ തന്നെ കെ. മുരളീധരൻ മറുപടി നൽകി. എംപി എന്നത് നല്ല പോസ്റ്റാണ്. ഡൽഹിക്ക് പോകാനുള്ള ടിക്കറ്റ് എടുക്കാൻ സുരേഷിന് സ്വന്തം കാശ് മുടക്കേണ്ട എന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
ദളിതനായതുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നില്ല എന്ന് ഒരു മാസം മുൻപും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചിരുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിൽ പരിഗണിക്കുന്നമെന്ന് വിശ്വാസം കൊടിക്കുന്നിൽ സുരേഷ് അവസാന നിമിഷം വരെ കാത്തുസൂക്ഷിച്ചിരുന്നു എന്ന് വേണം ഇതിൽ നിന്ന് മനസിലാക്കാൻ.