ദൂര സ്ഥലങ്ങളില്‍ നിന്നടക്കം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ക്ക് സഹായമായത് ഡ്യൂട്ടിയിലുണ്ടായിരുന്ന അനീഷ് ആണ്
നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ക്ക് തുണയായി ജനമൈത്രി പൊലീസ്. ഓര്‍ക്കാട്ടേരി ചെമ്പ്ര ഹൈസ്‌ക്കൂളില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് എടച്ചേരി സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍ കെ. അനീഷിന്റെ കൃത്യസമയത്തെ ഇടപെടല്‍ മൂലം പരീക്ഷ എഴുതാനായത്.
നീറ്റ് പരീക്ഷയ്ക്ക് അത്യാവശ്യമായിരുന്ന അഡീഷണല്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഇല്ലാതെയാണ് ചില വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാനെത്തിയത്. ഞായറാഴ്ച ആയതിനാല്‍ സ്‌കൂളിന് സമീപത്ത് ഫോട്ടോ എടുക്കാനുള്ള സംവിധാനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ദൂര സ്ഥലങ്ങളില്‍ നിന്നടക്കം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ക്ക് സഹായമായത് ഡ്യൂട്ടിയിലുണ്ടായിരുന്ന അനീഷ് ആണ്.
വിവരം അറിഞ്ഞ ഉടന്‍ തന്നെ അനീഷ് ഓര്‍ക്കാട്ടേരിയിലെ ക്ലാസിക് സ്റ്റുഡിയോ തുറപ്പിച്ച ശേഷം പരീക്ഷാര്‍ത്ഥികളുടെ ഫോട്ടോ വാട്ട്‌സപ്പ് വഴി അയച്ച് പ്രിന്റെടുത്ത് പരീക്ഷാ സെന്ററിലെത്തിക്കുകയായിരുന്നു. ഇതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനായത്. പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സഹായകമായത്.
മാസങ്ങള്‍ക്കു മുന്‍പ് വീട്ടില്‍ നിന്ന് രക്ഷിതാക്കളറിയാതെ ആയഞ്ചേരി ടൗണില്‍ എത്തിപ്പെട്ട പിഞ്ചുകുട്ടിയെ രക്ഷിതാക്കള്‍ക്ക് തിരികെ ലഭിക്കുന്നതിനും അനീഷിന്റെ ക്രിയാത്മകമായ ഇടപെടല്‍ തുണയായിരുന്നു.