അനധികൃത സ്വത്ത് സമ്പാദന കേസിൽ ഈ മാസം 12ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു
എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ വിജിലൻസിന് കോടതിയുടെ ശകാരം. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കാത്തത്. റിപ്പോർട്ട് സർക്കാരിന് കൈമാറിയെന്ന വിജിലൻസ് അഭിഭാഷകന്റെ നിലപാടാണ് കോടതിയെ ചൊടിപ്പിച്ചത്. ഈ മാസം 12ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. അതേസമയം, വിജിലൻസ് അന്വേഷണ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിരുന്നു.
ബന്ധുക്കളുടെപേരിൽ സ്വത്ത് സമ്പാദിക്കുക, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് എഡിജിപിക്കെതിരേയുള്ളത്. പി.വി. അൻവർ എംഎൽഎയാണ് അജിത് കുമാറിനെതിരെ അനധികൃത സ്വത്തു സമ്പാദനം നടത്തിയ ആരോപണം ഉന്നയിച്ചത്.
കേസിൽ എം.ആർ. അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. വിജിലൻസ് എസ്പി കെ.എൽ. ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ആഡംബര വീട് നിർമാണം അടക്കമുള്ള കാര്യങ്ങളുടെ രേഖകൾ അജിത് കുമാർ വിജിലൻസിനു കൈമാറിയിരുന്നു. അതേസമയം അനധികൃത സ്വത്തില്ലെന്നാണ് അജിത് കുമാർ വിജിലൻസിൽ നൽകിയ മൊഴി. ആരോപണങ്ങൾക്കു പിന്നിൽ മത മൗലിക വാദികളെന്നും അജിത് കുമാർ മൊഴി നൽകിയിട്ടുണ്ട്.