സ്വർണം തൂക്കാൻ കൊണ്ടുവന്ന രീതിയിൽ വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണക്കവർച്ചയിൽ അസിസ്റ്റന്റ് മുതൽപടിയെ വീണ്ടും വിളിപ്പിച്ച് പൊലീസ്. കഴിഞ്ഞ ദിവസം സ്വർണം തൂക്കാൻ കൊണ്ടുവന്നത് പെട്ടി തുറന്ന് സഞ്ചിയിൽ എന്ന് മൊഴി. സ്ട്രോങ്ങ് റൂമിലെ ലോക്കറിൽ സഞ്ചിയിൽ പൊതിഞ്ഞ് പെട്ടിയിലാക്കിയാണ് സ്വർണം സൂക്ഷിച്ചിരുന്നത്. മുതൽപടിയും പോലീസ് ഗാർഡും ഒപ്പമില്ലാതെ ഒറ്റയ്ക്ക് കുറച്ചു ദൂരം നടന്നിരുന്നു എന്നും മൊഴി. സ്വർണം തൂക്കാൻ കൊണ്ടുവന്ന രീതിയിൽ വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ക്ഷേത്രത്തിൽ മോഷണം നടത്തിയത് ക്ഷേത്ര ജീവനക്കാരെന്ന നിഗമനത്തിലാണ് പൊലീസ്. സ്വർണം സൂക്ഷിച്ച ലോക്കർ ഉദ്യോഗസ്ഥരുടേയും ക്യാമറയുടെയും നിരീക്ഷണത്തിലായതിനാൽ തന്നെ പുറത്ത് നിന്ന് ആർക്കും മോഷ്ടിക്കാൻ സാധിക്കില്ല. സംഭവത്തിൽ ക്ഷേത്ര ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. കൂടുതൽ പോരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും ഫോർട്ട് പൊലീസ് വ്യക്തമാക്കി.
ALSO READ: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം: പിന്നിൽ ക്ഷേത്ര ജീവനക്കാരെന്ന നിഗമനത്തിൽ പൊലീസ്
ശനിയാഴ്ചയാണ് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് 13 പവൻ മോഷണം പോയെന്ന വിവരം പുറത്തുവരുന്നത്. ക്ഷേത്രത്തിൻ്റെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. ലോക്കറിലെ കണക്കെടുപ്പിനിടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിൻ്റെ ശ്രീകോവിലെ വാതിൽ പൂശാൻ വച്ച സ്വർണമാണ് നഷ്ടമായത്. അർധ സൈനീക വിഭാഗങ്ങളുടെ സുരക്ഷയിലുള്ള ക്ഷേത്രത്തിലാണ് മോഷണം ഉണ്ടായിരിക്കുന്നത്.