എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍
ചെന്നൈയില്‍ നടക്കുന്ന കമല്‍ ഹാസന്‍ ചിത്രം 'തഗ് ലൈഫി'ന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ ഒരുങ്ങി നടിയും ഗായികയുമായി ശ്രുതി ഹാസന്‍. ചിത്രത്തിലെ ആരാധകര്‍ കാത്തിരിക്കുന്ന 'വിന്‍വിളി നായകാ' എന്ന ഗാനം അവര്‍ ഓഡിയോ ലോഞ്ചില്‍ ആലപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ച് നടക്കുന്നത്.
എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിലെ 'ജിങ്കുച്ച', 'ഷുഗര്‍ ബേബി' എന്നീ ഗാനങ്ങളാണ് ഇപ്പോള്‍ റിലീസ് ചെയ്തിട്ടുള്ളത്. ആകെ ഒന്‍പത് പാട്ടുകളാണ് ചിത്രത്തിലുള്ളത്. 'മുത്ത മഴൈ', 'വിന്‍വിളി നായകാ', 'അഞ്ചു വന്ന പൂവേ', 'ഓ മാരാ', 'എങ്കേയോ', 'ലെറ്റ്‌സ് പ്ലേ', 'അഞ്ചു വന്ന പൂവേ' (reprise) എന്നിവയാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍. അണിയറ പ്രവര്‍ത്തകരാണ് ഓഡിയോ ലോഞ്ചിന് മുന്‍പ് ചിത്രത്തിലെ ഗാനങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
ALSO READ : Frances Ha : മാറ്റത്തിലേക്കുള്ള ഫ്രാന്‍സിസിന്റെ യാത്ര
അതേസമയം ജൂണ്‍ അഞ്ചിനാണ് മണിരത്‌നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' തിയേറ്ററിലെത്തുന്നത്. മുപ്പത്തി ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണിത്. 1987ല്‍ പുറത്തിറങ്ങിയ 'നായകനിലാണ്' ഇരുവരും അവസാനമായി ഒന്നിച്ചത്. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.
മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാനും, എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്‌സാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.