വേടൻ പ്രശ്നത്തിൽ ഇനി പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് ബിജെപി നേതൃത്വം നിർദേശം നൽകി
വേടനെതിരെ ബിജെപി കൗൺസിലർ എൻഐഎയ്ക്ക് പരാതി നൽകിയതിൽ അതൃപ്തി അറിയിച്ച് സംസ്ഥാന നേതൃത്വം. പാലക്കാട് ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത്. പരാതി നൽകുന്ന കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചില്ലെന്നും, പാർട്ടിയോട് ആലോചിക്കാതെ എടുത്ത തീരുമാനമായതിനാൽ അതൃപ്തി അറിയിക്കുന്നതായും നേതൃത്വം അറിയിച്ചു.
എന്ത് അടിസ്ഥാനത്തിലാണ് എൻഐഎയ്ക്ക് പരാതി നൽകിയതെന്ന് ചോദിച്ച സംസ്ഥാന നേതൃത്വം, വേടൻ പ്രശ്നത്തിൽ ഇനി പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിർദേശം നൽകി. വേടൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് മിനി കൃഷ്ണകുമാർ എൻഐഎയ്ക്ക് പരാതി നൽകിയത്. പാട്ടിനിടെ 'മോദി കപടദേശീയ വാദിയെ'ന്ന് പറഞ്ഞതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് മിനി കൃഷ്ണകുമാർ ആവശ്യപ്പെട്ടത്.
രാജ്യത്തിന്റെ ഐക്യത്തിന് എതിരാണെന്നും ജാതി വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നുമാണ് മിനി എൻഐഎയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്. വേടൻ്റെ 'വോയിസ് ഓഫ് വോയിസ് ലെസ്' എന്ന ആൽബത്തിൻ്റെ വരികൾ പരാമർശിച്ചാണ് പരാതി. സ്റ്റേജ് പരിപാടിക്കിടെ വേടൻ വരികൾക്കിടയിൽ 'മോദി' എന്ന് പറഞ്ഞിരുന്നു. ഇത് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലാണെന്ന് നഗരസഭ കൗൺസിലർ നൽകിയ പരാതിയിൽ പറയുന്നു.
ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ വേടൻ എന്നേ ജയിലിലായേനെ എന്നായിരുന്നു ബിജെപി കൗൺസിലറിൻ്റെ പ്രസ്താവന.
പരാതി നൽകിയതിന് പിന്നാലെ വേട്ടയാടലിന്റെ ഭാഗമായല്ല പരാതി നൽകിയതെന്നും വേടൻ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നെന്നും മിനി കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. രാജ്യത്ത് ഇപ്പോൾ ജാതി വിവേചനമില്ലെന്ന വാദവും മിനി ഉയർത്തിയിരുന്നു.