ചന്ദ്രഗിരി ഡ്രഡ്ജർ എത്തിച്ച് മുതലപ്പൊഴിയിൽ മണൽ നീക്കം തുടങ്ങിയെങ്കിലും സാങ്കേതിക തകരാർ കാരണം മുടങ്ങിയതാണ് സമരസമിതിയെ പ്രകോപിപ്പിച്ചത്
മുതലപ്പൊഴിയിലെ മണൽനീക്ക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കോസ്റ്റൽ പൊലീസുമായുള്ള ചർച്ചയിൽ ഡ്രഡ്ജിങ്ങിന് തടസമുണ്ടാകില്ലെന്ന് സമരസമിതി അറിയിച്ചു. എന്നാൽ പൊഴി അടക്കുന്നതാണ് നല്ലതെന്ന, ഹാർബർ ചീഫ് എഞ്ചിനീയറുടെ പ്രതികരണം സമരസമിതി തള്ളി. ഡ്രഡ്ജിങ് നാളെ പുനരാരംഭിച്ചേക്കും.
ചന്ദ്രഗിരി ഡ്രഡ്ജർ എത്തിച്ച് മുതലപ്പൊഴിയിൽ മണൽ നീക്കം തുടങ്ങിയെങ്കിലും സാങ്കേതിക തകരാർ കാരണം മുടങ്ങിയതാണ് സമരസമിതിയെ പ്രകോപിപ്പിച്ചത്. ഇന്നലെ നടത്തിയ റോഡ് ഉപരോധം സംഘർഷത്തിൽ അവസാനിച്ചതോടെ ഇന്ന് സമരസമിതി യോഗം ചേർന്നു. അതിനിടെയായിരുന്നു പൊഴി അടയ്ക്കുന്നത് മാത്രമാണ് ഏക മാർഗമെന്ന ചീഫ് എഞ്ചിനീയറുടെ പ്രതികരണം.
സർക്കാർ നിർദേശിക്കുന്ന പദ്ധതി താത്കാലികമായി പൂർത്തിയാക്കും വരെ സമീപ ഹാർബറുകളിലേക്ക് മാറേണ്ടി വരുമെന്നാണ് മുഹമ്മദ് അൻസാരി നൽകുന്ന നിർദേശം. വിഴിഞ്ഞം, തങ്കശേരി എന്നിവയാണ് അടുത്തുളള ഹാർബറുകൾ. തങ്കശ്ശേരിയാണ് മാറുന്നതിന് ഉചിതമായ ഹാർബറെന്നും ചീഫ് എഞ്ചിനീയർ കൂട്ടിച്ചേർത്തു.
വർഷങ്ങളായുള്ള പ്രശ്നമാണ് മുതലപ്പൊഴിയിലേത്. നടപടികൾ സ്വീകരിച്ചിട്ടും മരണങ്ങൾ സംഭവിച്ചു. എന്നാലിത് ഡ്രഡ്ജിങ് നടത്താത് മൂലമല്ല. വിഷയത്തിൽ ശാസ്ത്രീയമായ പഠനം നടത്തിയതാണ്. ഇതിൽ അംഗീകാരം ലഭിച്ച പദ്ധതിയാണ് ശാശ്വത പരിഹാരമെന്നും അതിനുള്ള കരാർ നൽകി കഴിഞ്ഞെന്നും അൻസാരി വ്യക്തമാക്കി.
ALSO READ: "മുതലപ്പൊഴിയിൽ സംഘർഷം ഉണ്ടായിട്ടില്ല, ഇത് വിശപ്പിൻ്റെ പ്രശ്‌നം"; സമരസമിതി കൺവീനർ
എന്നാൽ പൊഴി അടക്കാതെ സർക്കാർ പദ്ധതി നടപ്പിലാക്കട്ടെയെന്നാണ് സമരസമിതിയുടെ നിലപാട്. സംഘർഷത്തിന് പിന്നാലെ ഇന്ന് ഡ്രഡ്ജിങ് ഉണ്ടാകില്ലെന്ന് അറിയിച്ചതോടെ സമരക്കാർ കോസ്റ്റൽ പൊലീസുമായി ചർച്ച നടത്തി. ഈ ചർച്ചയിലാണ് ഡ്രഡ്ജിങ്ങിന് തടസമുണ്ടാകില്ലെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചത്. പൊലീസ് സംരക്ഷണത്തിൽ ഡ്രഡ്ജിങ്ങ് നാളെ തുടങ്ങിയേക്കും. ടെട്രാപോഡുകൾ മാറ്റുന്ന നടപടിയും വൈകാതെ തുടങ്ങും.