ടിക്കി ടാക്കയിലെ ജോൺ ഡെൻവർ എന്ന കഥാപാത്രം തന്‍റെ അടുത്തെത്തിയപ്പോൾ തന്നെ ആ പോരാളിയോട് തനിക്ക് ഇഷ്ടം തോന്നിയതായി ആസിഫ് കുറിച്ചു
സിനിമാ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രോഹിത് വി.എസ് ചിത്രം ടിക്കി ടാക്കയുടെ അപ്ഡേറ്റുമായി ആസിഫ് അലി. ആക്ഷൻ എന്റർടൈനർ ഴോണറിൽ ഇറങ്ങുന്ന ചിത്രത്തിന്റെ സംഘട്ടന പരിശീലനത്തിനിടയില്‍ ആസിഫ് അലിക്ക് പരിക്കേറ്റതിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചിരുന്നു. വർഷാവസാനത്തോടെ സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്നും 18 മാസങ്ങൾക്ക് ശേഷം ഷൂട്ടിങ് പുനഃരാരംഭിച്ചതായും നടൻ വൈകാരികമായ കുറിപ്പിലൂടെ ആരാധകരെ അറിയിച്ചു.
ടിക്കി ടാക്കയിലെ ജോൺ ഡെൻവർ എന്ന കഥാപാത്രം തന്‍റെ അടുത്തെത്തിയപ്പോൾ തന്നെ ആ പോരാളിയോട് തനിക്ക് ഇഷ്ടം തോന്നിയതായി ആസിഫ് കുറിച്ചു. കഥാപാത്രവുമായുള്ള യാത്ര സമാനമായ ഒരു പാതയിലൂടെ തന്നെയും കൊണ്ടുപോകുമെന്ന് അറിയില്ലായിരുന്നു. അപകടത്തെ തുടർന്ന് കിടപ്പിലായ ദിവസങ്ങളിൽ, വീല്‍ച്ചെയറില്‍ കഴിഞ്ഞ നിരവധി ആഴ്ചകളില്‍, ജോൺ ഡെൻവറിനെപ്പോലെ ആശുപത്രി കിടക്കയിൽ ഒരു കുട്ടിയെപ്പോലെ താനും കരഞ്ഞതായി ആസിഫ് എഴുതുന്നു.
Also Read: "ഇനിമേ നീയും ഞാനും ഒന്ന്"; ആവേശമുണര്‍ത്താന്‍ തഗ് ലൈഫ് ട്രെയ്‌ലര്‍ എത്തി
'ടിക്കി ടാക്ക' എന്നത് ധാരാളം വിയർപ്പും രക്തവും ആവശ്യപ്പെടുന്ന സിനിമയാണ്. അതിനായി താൻ വിവിധ ആയോധന കലകൾ അടക്കം പരിശീലിച്ചെന്നും എന്നാൽ അപകടത്തോടെ കഥാപാത്രത്തിനായി നടത്തിയ തയാറെടുപ്പുകൾ പാഴായെന്നും ആസിഫ് കുറിപ്പിൽ പറയുന്നു. മെനിസ്കസ്, ലിഗമെന്റ് ടിയർ എന്നിവയുമായി 18 മാസങ്ങൾക്ക് ശേഷം താന്‍ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലേക്ക് വീണ്ടും കടന്നിരിക്കുകയാണെന്നും നടൻ അറിയിച്ചു.
ടൊവിനോ ചിത്രം കളയ്ക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക. ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകൻ, നസ്ലിൻ, ലുക്മാൻ അവറാൻ, വാമിക ഗബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇന്തോനേഷ്യയില്‍ നിന്നുള്ള ഉദേ നന്‍സ് ആണ് ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്റർ. 'ദി റെയ്ഡ് റിഡംപ്ഷന്‍' എന്ന പ്രശസ്ത ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.