ചിത്രത്തിലെ 'കൊണ്ടാട്ടം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ 100 കോടി ക്ലബ്ബില്‍ എത്തിയ വിവരം അറിയിച്ചത്
എമ്പുരാന് പിന്നാലെ മോഹന്‍ലാലിന്റെ തുടരും 100 കോടി ക്ലബ്ബില്‍ ഇടം നേടി. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചിത്രത്തിലെ 'കൊണ്ടാട്ടം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ 100 കോടി ക്ലബ്ബില്‍ എത്തിയ വിവരം അറിയിച്ചത്.
ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. എംജി ശ്രീകുമാറും രാജലക്ഷ്മിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികള്‍. ബ്രിന്ദാ മാസ്റ്ററാണ് ഡാന്‍സ് കോറിയോഗ്രഫി.
ഏപ്രില്‍ 25നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും തിയേറ്ററില്‍ എത്തിയത്. മോഹന്‍ലാലിന്റെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങള്‍ക്ക് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരുന്നു.
'തുടരും എന്ന ചിത്രത്തിന് ലഭിച്ച പ്രതികരണത്തിലും സ്‌നേഹത്തിലും ഞാന്‍ വികാരാധീനനാണ്. ഓരോ സന്ദേശവും അഭിനന്ദനത്തിന്റെ ഓരോ വാക്കുകളും എന്നെ സ്പര്‍ശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയം തുറന്നതിനും അതിന്റെ ആത്മാവ് കണ്ടതിനും സ്‌നേഹത്തോടെ സിനിമ കണ്ടതിനും നന്ദി. ഈ നന്ദി എന്റേത് മാത്രമല്ല. ഓരോ ഫ്രെയിമിലും സ്‌നേഹവും പ്രയത്‌നവും ആത്മാവും നല്‍കി എന്നോടൊപ്പം ഈ യാത്ര നടത്തിയ ഓരോ വ്യക്തിയുടെയും സ്വന്തമാണ്', എന്നാണ് മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്.
റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. അതുകൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.