എട്ടാം ക്ലാസുകാരിയായ പെൺകുട്ടിക്ക് രണ്ട് പുരുഷൻമാരുമായി ബന്ധമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം
ഒഡീഷയിൽ ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ കൊലപ്പെടുത്തി 13കാരി. ഗജപതി ജില്ലയിലെ പരാലഖേമുൻഡിലുള്ള വാടക വീട്ടിലാണ് അൻപത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മാത്രം പ്രായമുള്ളപ്പോൾ തെരുവിൽ നിന്നും എടുത്ത് വളർത്തി വലുതാക്കിയ സ്ത്രീയെയാണ് പെൺകുട്ടി ദാരുണമായി കൊലപ്പെടുത്തിയത്. എട്ടാം ക്ലാസുകാരിയായ പെൺകുട്ടിക്ക് രണ്ട് പുരുഷൻമാരുമായി ബന്ധമുണ്ടായിരുന്നു. ഇത് രാജലക്ഷ്മി എതിർത്തതും സ്വത്ത് കയ്യടക്കാനുമുള്ള ആഗ്രഹവുമാണ് പോറ്റമ്മയെ കൊല്ലാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയും ആൺസുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ 29നാണ് സംഭവം. രാജലക്ഷ്മിയുടെ വീട്ടിൽ വെച്ച് തന്നെ ഇവരെ കൊലപ്പെടുത്താൻ മൂവരും പദ്ധതിയിട്ടിരുന്നു. രാജലക്ഷ്മിയെ ഉറക്കഗുളിക നൽകി ഉറക്കികിടത്തിയ ശേഷം പെൺകുട്ടി ആൺസുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് മൂവരും ചേർന്ന് തലയിണ ഉപയോഗിച്ച് രാജലക്ഷ്മിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജലക്ഷ്മിക്ക് ഹൃദയാഘാതം സംഭവിച്ചതാണെന്നായിരുന്നു പ്രതി കുടുംബാംഗങ്ങളോടും ആശുപത്രി ജീവനക്കാരോടും പറഞ്ഞത്. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളതിനാൽ, പെൺകുട്ടിയുടെ വാദം ബന്ധുക്കൾ വിശ്വസിച്ചു.
എന്നാൽ രാജലക്ഷ്മിയുടെ സഹോദരൻ സിബ പ്രസാദ് മിശ്രയ്ക്ക് പെൺകുട്ടിയുടെ മൊബൈൽ ഫോൺ യാദൃശ്ചികമായി ലഭിച്ചതോടെയാണ് കുറ്റകൃത്യത്തിൻ്റെ ചുരുളഴിയുന്നത്. സിബ പ്രസാദ് പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോൾ ഇൻസ്റ്റഗ്രാമിൽ ആൺസുഹൃത്തുക്കളുമായി നടത്തിയ സംഭാഷണം ശ്രദ്ധയിൽപ്പെട്ടു. രാജലക്ഷ്മിയെ എങ്ങനെ കൊലപ്പെടുത്തണമെന്നായിരുന്നു പെൺകുട്ടി ആൺസുഹൃത്തുക്കളുമായി സംസാരിച്ചത്. അവരുടെ സ്വർണാഭരണങ്ങളും പണവും എങ്ങനെ കൈക്കാലക്കണമെന്നും ഇവർ പദ്ധതിയിരുന്നു.
ഇതോടെ മൊബൈൽ ഫോണിലെ തെളിവുകൾ സഹിതം മെയ് 14ന് സിബ പ്രസാദ് പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെയും ആൺസുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് റാത് (21), സുഹൃത്ത് ദിനേഷ് സാഹു (20) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഏകദേശം 14 വർഷങ്ങൾക്ക് മുൻപാണ് മക്കളില്ലാതിരുന്ന രാജലക്ഷ്മിയും ഭർത്താവും ചേർന്ന് റോഡിൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടിയെ എടുത്ത് വളർത്തിയത്. വെറും മൂന്ന് ദിവസം മാത്രമായിരുന്നു പെൺകുട്ടിയുടെ പ്രായം. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾ പെൺകുട്ടിയെ സ്വന്തം കുഞ്ഞിനെ പോലെ വളർത്തി. എന്നാൽ ഒരു വർഷത്തിന് ശേഷം രാജലക്ഷ്മിയുടെ ഭർത്താവ് മരിച്ചു. പിന്നീട് രാജലക്ഷ്മി ഒറ്റയ്ക്കാണ് കുഞ്ഞിനെ വളർത്തിയത്. പെൺകുട്ടിക്ക് കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം ലഭിച്ചതിന് പിന്നാലെ പരാലഖേമുൻഡിയിലേക്കു താമസം മാറ്റുകയായിരുന്നു. പ്രായത്തിൽ മൂത്ത പുരുഷൻമാരുമായുള്ള മകളുടെ പ്രണയ ബന്ധത്തിൽ രാജലക്ഷ്മിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. ഇതോടെയാണ് അമ്മയ്ക്കും മകൾക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങിയത്.