മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്
യുഎസിൻ്റെ മധ്യപടിഞ്ഞാറ്, തെക്കൻ പ്രദേശങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 27 മരണം. കെന്റക്കി, മിസോറി സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. കെന്റക്കിയിൽ 18 പേരും സെന്റ് ലൂയിസ് നഗരത്തിൽ അഞ്ചും മിസോറിയിൽ ഒമ്പത് ആളുകളും മരിച്ചു. 5,000 ലേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച രാവിലെയാണ് അമേരിക്കയുടെ മിഡ്‌വെസ്റ്റിലെ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ശക്തമായ കാറ്റിൽ കെട്ടിടങ്ങൾ തകർന്നും മരങ്ങൾ കടപുഴകിയും നിരവധി പേർക്ക് ജീവൻ നഷ്ടമായി. കെന്റക്കി, മിസോറി സംസ്ഥാനങ്ങളിൽ നിരവധി കെട്ടിടങ്ങൾ നിലംപതിച്ചു.
തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് സൂചന. അഗ്നിശമന സേനയെത്തി തിരച്ചിൽ തുടരുകയാണ്. 1904 ലെ ഒളിമ്പിക് ഗെയിംസ് നടന്ന സെന്റ് ലൂയിസിലെ ഫോറസ്റ്റ് പാർക്കിന് സമീപം ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. സമീപത്തുള്ള സെന്റിനൽ ക്രിസ്ത്യൻ പള്ളിയുടെ ഒരു ഭാഗം തകർന്നു വീണ് ഒരാൾ മരിച്ചു. ഇവിടെ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയെന്നും സെന്റ് ലൂയിസ് അഗ്നിശമന സേന അറിയിച്ചു.
കനത്ത നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ രാത്രി 9മുതൽ രാവിലെ 6 വരെ കർഫ്യൂ ഏർപ്പെടുത്തി. ഇരുസംസ്ഥാനങ്ങളിലുമായി 1.4ലക്ഷം വീടുകളിൽ വൈദ്യുതി ബന്ധവും തകരാറിലായി. കാലാവസ്ഥ ദുഷ്കരമാകുമായി തുടരുമെന്നും വീണ്ടും കാറ്റ് വീശാനുള്ള സാധ്യത ഉണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.