ആരെയെങ്കിലും ചീത്ത പറഞ്ഞ് രണ്ട് വരി എഴുതിയാൽ ജനങ്ങൾ അംഗീകരിക്കുമെന്നാണ് ചിലർ കരുതുന്നതെന്ന് പറഞ്ഞായിരുന്നു ജി. സുധാകരൻ്റെ വിമർശനം
എച്ച്. സലാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. ഫേസ്ബുക്കിൽ എഴുതുന്നത് എല്ലാവരും അംഗീകരിക്കുമെന്നാണ് ചിലരുടെ ധാരണയെന്നായിരുന്നു ജി. സുധാകരൻ്റെ പ്രസ്താവന. ഫേസ്ബുക്കിൽ എഴുതിയതിൻ്റെ പേരിൽ ഒരു വോട്ടു പോലും കിട്ടില്ല. ജനങ്ങൾ അതൊന്നും അംഗീകരിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക നിർമാണവുമായി ബന്ധപ്പെട്ട് ജി. സുധാകരൻ നടത്തിയ പ്രസ്താവനയെ എച്ച്. സലാം ഫേസ്ബുക്കിലൂടെ വിമർശിച്ചിരുന്നു. 'കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍ നീ കൊണ്ടാലറിയുമതിനില്ല സംശയം' എന്ന കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ ഉദ്ധരിച്ചായിരുന്നു എച്ച് സലാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെയാണ് ജി. സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.
ആരെയെങ്കിലും ചീത്ത പറഞ്ഞ് രണ്ട് വരി എഴുതിയാൽ ജനങ്ങൾ അംഗീകരിക്കുമെന്നാണ് ചിലർ കരുതുന്നതെന്ന് പറഞ്ഞ് ജി. സുധാകരൻ സലാമിൻ്റെ പോസ്റ്റിനെ വിമർശിച്ചു. ഫേസ്ബുക്കിൽ എഴുതി ആരെയും നേരിട്ട് കളയാമെന്ന് ആരും കരുതരുത്. ഫേസ്ബുക്കിൽ എഴുതിയതിൻ്റെ പേരിൽ ഒരു വോട്ടു പോലും കിട്ടില്ലെന്നും ജനങ്ങൾ അതൊന്നും അംഗീകരിക്കില്ലെന്നും ജി സുധാകരൻ പറഞ്ഞു.
അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകം നിർമ്മിച്ച് യുദ്ധക്കളമാക്കിയെന്നും ശരിയായ തരത്തിലല്ല നിർമ്മാണം നടന്നത് എന്നുമായിരുന്നു സുധാകരൻ്റെ വിമർശനം. ഇത്തരം പ്രസ്താവനകൾ സർക്കാരിനെയും നേതൃത്വം നൽകിയ കുഞ്ചൻനമ്പ്യാർ സ്മാരക സമിതിയെയും ജനപ്രതിനിധികളെയും അപമാനിക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിൽ സലാം കുറിച്ചിരുന്നു. എന്നാൽ അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകം തകർത്തു കളഞ്ഞെന്നും സ്മാരകത്തിൻ്റെ കവാടത്തിൽ പേര് പോലും എഴുതി വെച്ചിട്ടില്ലെന്നും പറഞ്ഞുകൊണ്ട് വിമർശനം ആവർത്തിക്കുകയാണ് ജി. സുധാകരൻ.