ഷണ്‍മുഖത്തിന്റെ പഴയ സുഹൃത്തായാണ് സേതുപതിയെ സിനിമയില്‍ കാണിച്ചിരിക്കുന്നത്. മോഹന്‍ലാലും വിജയ് സേതുപതിയും ഒന്നിച്ചുള്ള ചിത്രത്തിന് വലിയ കയ്യടിയായിരുന്നു തിയേറ്ററില്‍ ലഭിച്ചത്
മോഹന്‍ലാലിനൊപ്പം തുടരും സിനിമയില്‍ ഫോട്ടോ സാനിധ്യമായി എത്താന്‍ ആയതില്‍ സന്തോഷം അറിയിച്ച് നടന്‍ വിജയ് സേതുപതി. മോഹന്‍ലാല്‍ ഇന്ന് സിനിമയിലെ ആ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. "ഒരു കാലം തിരികെ വരും, ചെറുതൂവല്‍ ചിരി പകരും, തലോടും താനേ കഥ തുടരും...," എന്നാണ് മോഹന്‍ലാല്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. അതിന് പിന്നാലെ സേതുപതി ആ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കുകയായിരുന്നു. "ഈ അത്ഭുത മനുഷ്യനൊപ്പം ഫോട്ടോയില്‍ ഇടം പങ്കിടാനായതില്‍ സന്തോഷം", എന്നാണ് ഫോട്ടോ പങ്കുവെച്ച് വിജയ് കുറിച്ചത്.
ഷണ്‍മുഖത്തിന്റെ പഴയ സുഹൃത്തായാണ് സേതുപതിയെ സിനിമയില്‍ കാണിച്ചിരിക്കുന്നത്. മോഹന്‍ലാലും വിജയ് സേതുപതിയും ഒന്നിച്ചുള്ള ചിത്രത്തിന് വലിയ കയ്യടിയായിരുന്നു തിയേറ്ററില്‍ ലഭിച്ചത്. ചെന്നൈയില്‍ ഫൈറ്റേഴ്സ് ആയി ജോലി ചെയ്തിരുന്ന കാലത്തെ ചിത്രം എന്ന രീതിയിലാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ ഫോട്ടോ സിനിമയില്‍ കാണിച്ചിരിക്കുന്നത്.
വിജയ് സേതുപതി മോഹന്‍ലാല്‍ എന്ന നടനോടുള്ള അദ്ദേഹത്തിന്റെ ആരാധന കാരണമാണ് ഇതിന് സമ്മതിച്ചതെന്ന് തരുണ്‍ മൂര്‍ത്തി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 'ലാലേട്ടനോടുള്ള സ്നേഹം കാരണമാണ് ആ ഫോട്ടോ ഉപയോഗിക്കാന്‍ അദ്ദേഹം സമ്മതിച്ചത്്. ഞങ്ങള്‍ മെയില്‍ അയക്കുകയായിരുന്നു. ലാല്‍ സാറിന്റെ പഴയ സുഹൃത്തായിട്ടാണെന്ന് പറഞ്ഞപ്പോള്‍ തീര്‍ച്ചയായും ഉപയോഗിച്ചോളൂ എന്ന് പറഞ്ഞു,' എന്നാണ് തരുണ്‍ പറഞ്ഞത്.
ഏപ്രില്‍ 25നാണ് തുടരും തിയേറ്ററിലെത്തിയത്. ചിത്രം ആഗോള തലത്തില്‍ 200 കോടി നേടിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടി ചിത്രം ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. 200 കോടി ക്ലബ്ബില്‍ എത്തുന്ന മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണിത്.