ഇതുവരെ മയക്കുമരുന്നിനായി 70 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതായാണ് ഡോക്ടർ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്
കഴിഞ്ഞ ദിവസമാണ് അഞ്ച് ലക്ഷം രൂപ വിലവരുന്ന കൊക്കെയ്ന്‍ വാങ്ങുന്നതിനിടയില്‍ ഹൈദരാബാദില്‍ യുവ ഡോക്ടര്‍ പിടിയിലായത്. ഹൈദരാബാദിലെ ഒമേഗ ആശുപത്രി മുന്‍ സിഇഒ ഡോ. നമ്രത ചിഗുരുപതിയാണ് അറസ്റ്റിലായത്. അന്തര്‍ സംസ്ഥാന മയക്കുമരുന്ന് മാഫിയയിലേക്കാണ് യുവത ഡോക്ടറുടെ അറസ്റ്റ് വിരല്‍ ചൂണ്ടുന്നതെന്നാണ് പൊലീസ് നിഗമനം.
മുംബൈ ആസ്ഥാനമായുള്ള മയക്കുമരുന്ന് വിതരണക്കാരനായ വാന്‍ഷ് ധാക്കറില്‍ നിന്ന് റായ്ദുര്‍ഗാമില്‍ വെച്ച് കൊറിയര്‍ വഴി കൊക്കെയ്ന്‍ സ്വീകരിക്കുന്നതിനിടെയായിരുന്നു നമ്രതയുടെ അറസ്റ്റ്. ബാലകൃഷ്ണ എന്നയാളാണ് കൊറിയര്‍ കൈമാറിയത്. നമ്രതയുടെ മിനി കൂപ്പറില്‍ നിന്നും കൊക്കെയ്‌ന്റെ 57 പാക്കറ്റുകളാണ് പൊലീസ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സ് ആപ്പ് വഴി മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്ത് പണം കൈമാറിയത് ഓണ്‍ലൈന്‍ വഴിയാണെന്നും പൊലീസ് പറയുന്നു.
മയക്കുമരുന്നിന് പുറമെ, പതിനായിരം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നമ്രതയ്‌ക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരമാണ് കേസെടുത്തത്.
Also Read: വാട്‌സ്ആപ്പ് വഴി ഓർഡർ ചെയ്തത് 5 ലക്ഷം രൂപയുടെ കൊക്കെയ്ൻ; യുവ ഡോക്ടർ അറസ്റ്റിൽ
വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ചോദ്യം ചെയ്യലില്‍ നമ്രത സമ്മതിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021-2022 കാലത്ത് സ്‌പെയിനില്‍ എംബിഎ പഠനത്തിനായി പോയ സമയം മുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. 2014 ലാണ് നമ്രത എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ശേഷം 2017 ല്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ എംഡി ചെയ്തു. രണ്ട് കുട്ടികളുടെ അമ്മയായ നമ്രത വിവാഹമോചിതയാണ്.
ഹൈദരാബാദിലെ ഒരു ഡിജെയില്‍ നിന്നാണ് നേരത്തേ നമ്രതയ്ക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നത്. പിന്നീടാണ് മുംബൈയിലെ വിതരണക്കാരനായ വാന്‍ഷ് ധാക്കറെ പരിചയപ്പെടുന്നത്. നമ്രതയ്‌ക്കൊപ്പം പിടിയിലായ ബാലകൃഷ്ണ ധാക്കര്‍ക്കു വേണ്ടി സംസ്ഥാന അതിര്‍ത്തികളില്‍ മയക്കുമരുന്ന് എത്തിക്കുന്നയാളാണ്. ഇതിനുള്ള കമ്മീഷനും ഇയാള്‍ കൈപ്പറ്റും.
മെയ് നാലിന് നമ്രത ബാലൃഷ്ണയ്ക്ക് ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി കൈമാറി. ഈ പണം മുംബൈയിലുള്ള ധാക്കര്‍ക്ക് നല്‍കി കൊക്കെയ്‌നുമായി മെയ് 8 ന് ഹൈദരാബാദില്‍ തിരിച്ചെത്തി. മെയ് 8 വൈകിട്ട് നമ്രതയ്ക്ക് കൊക്കെയ്ന്‍ കൈമാറുന്നതിനിടയിലായിരുന്നു ഇരുവരും പിടിയിലാകുന്നത്.
ഇതുവരെ മയക്കുമരുന്നിനായി 70 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതായാണ് നമ്രത ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. ആറ് മാസം മുമ്പാണ് ഒമേഗ ആശുപത്രിയില്‍ നിന്ന് നമ്രത രാജിവെച്ചത്.