ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു
പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് ബംഗ്ലാദേശില്‍ നിരോധനമേർപ്പെടുത്തി മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍. ഭീകരവിരുദ്ധ നിയമപ്രകാരമാണ് നിരോധനം. ശനിയാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജ്യത്തിന്‍റെ സുരക്ഷയും പരമാധികാരവും അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ അവാമി ലീഗിന്‍റെയും ഷെയ്ഖ് ഹസീന ഉള്‍പ്പടെ പാർട്ടി നേതാക്കളുടെയും വിചാരണ പൂർത്തിയാകുന്നതുവരെ നിരോധനം തുടരുമെന്നാണ് വിജ്ഞാപനം.
ALSO READ: നഗ്രോത്തയില്‍ സൈനിക കേന്ദ്രത്തിന് സമീപം വെടിവെപ്പ്; ഒരു സൈനികന് പരിക്ക്
അവാമി ലീഗ് ഭരണകൂടത്തെ പുറത്താക്കുന്നതിലേക്ക് നയിച്ച 2024 ജൂലായിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നവരുടേയും പരാതിക്കാരുടെയും സാക്ഷികളുടെയും സുരക്ഷയ്ക്കായാണ് ഈ തീരുമാനമെടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു.
രാഷ്ട്രീയ പാർട്ടികളെയും അവയുടെ അനുബന്ധ സ്ഥാപനങ്ങളെയും, മുന്നണി സംഘടനകളെയും വിചാരണ ചെയ്യാന്‍ ട്രൈബ്യൂണലിന് അനുമതി നല്‍കിക്കൊണ്ടുള്ള ഐസിടി നിയമവും ഇതോടൊപ്പം ഭേദഗതി ചെയ്തു.