പോപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം വത്തിക്കാന് പുറത്ത് മാർപാപ്പ നടത്തുന്ന ആദ്യ സന്ദർശനമാണ് ഇത്
കാലം ചെയ്ത ഫ്രാന്‍സിസ് മാർപാപ്പയുടെ ശവകുടീരത്തില്‍ ആദരാഞ്ജലി അർപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ശനിയാഴ്ച, റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിലെത്തിയ മാർപാപ്പ, ഫ്രാന്‍സിസ്കസ് എന്ന് ആലേഖനം ചെയ്ത ഫ്രാന്‍സിസ് മാർപ്പാപ്പയുടെ ശവകുടീരത്തില്‍ പുഷ്പം അർപ്പിച്ചു. പോപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം വത്തിക്കാന് പുറത്ത് മാർപാപ്പ നടത്തുന്ന ആദ്യ സന്ദർശനമാണ് ഇത്.
ആഗോളകത്തോലിക്ക സഭയുടെ അധ്യക്ഷനായി മെയ് 8 നാണ് ലിയോ പതിനാലാമൻ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടത്. മേയ് 18ന് വത്തിക്കാനിലാണ് പോപ്പിന്‍റെ സ്ഥാനാരോഹണം. കത്തോലിക്ക സഭയുടെ 267ാം മാർപാപ്പയായാണ് ലിയോ പതിനാലാമൻ ചുമതലയേൽക്കുന്നത്. കർദിനാൾ സംഘത്തിന്റെ ഡീൻ ജിയോവാനി ബാറ്റിസ്റ്റ റേ ചടങ്ങുകളിൽ മുഖ്യ കാർമികത്വം വഹിക്കും.
ALSO READ: EXCLUSIVE | പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണം: ലിയോ പതിനാലാമൻ സ്ഥാനമേൽക്കുക ഈ മാസം 18ന്
യുഎസിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമൻ. ആഗോളതലത്തിൽ പരമാധികാര സ്വഭാവമുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ പ്രവർത്തിക്കുന്നതിനാൽ അമേരിക്കയിൽ നിന്നുള്ള കർദിനാളുമാരെ മാർപാപ്പമാരായി നേരത്തെ വത്തിക്കാൻ പരിഗണിച്ചിരുന്നില്ല. 2023 മുതലാണ് അമേരിക്കക്കാരെ കർദിനാൾമാരായി പരിഗണിച്ചത്. ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റും ചിക്ലായോയിലെ ആർച്ച് ബിഷപ്പ് എമെറിറ്റസുമായിരുന്നു അദ്ദേഹം.