600 കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ 97 % കുട്ടികളും ലഹരിക്കടിമകളാണെന്നും 62 % പേര്‍ കൗണ്‍സിലിംഗിന് വിധേയമാകുന്നവരാണെന്നും 25 % പേര്‍ മയക്കുമരുന്ന് കേസില്‍ പ്രതികളാണെന്നുമാണ് റിപ്പോർട്ട്.
സാക്ഷരതയിലും ആരോഗ്യമേഖലയിലും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലിപ്പോൾ എവിടെ തിരിഞ്ഞാലും ലഹരികേസുകളെക്കുറിച്ചാണ് കേള്‍ക്കാനുള്ളത്. ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങളോ മണിക്കൂറുകളോ ഇല്ലെന്ന് തന്നെ പറയാം. മുന്‍നിര സിനിമതാരങ്ങളും അഥിതി തൊഴിലാളികളുമടക്കം ഇതിൽ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയാണ് ഒരു തരത്തിൽ പറഞ്ഞാൽ ഇത്രമേല്‍ ലഹരിക്കടത്തും ഇടപാടുകാരുമൊക്കെ വളരാന്‍ കാരണം. കരമാര്‍ഗവും കടല്‍ മാര്‍ഗവും ലഹരി എത്തിക്കാമെന്നതാണ് ലഹരിവ്യാപനത്തിന് അനുയോജ്യമായ സാഹചര്യമൊരുക്കുന്നത്. അതോടൊപ്പം അകത്തു നിന്നുള്ള സഹായഹസ്തങ്ങള്‍ കൂടിയാവുമ്പോള്‍ പിന്നെ ഒന്നും പറയണ്ടല്ലോ! ഡീലിങ്ങ്‌സും വില്‍പനയും ഉപയോഗവുമൊക്കെ അതിന്റേതായ രീതിയില്‍ നടക്കുകയും ചെയ്യും.
അതിര്‍ത്തി കടന്നുള്ള ലഹരിക്കടത്തും കൂടിയായപ്പോഴാണ് കേരളം ലഹരിയുടെ മായാലോകത്തേക്ക് കൂപ്പുകുത്തി വീഴുന്നത്. നേരത്തെ അതിര്‍ത്തി മാറികടക്കണം എന്നുള്ളതുകൊണ്ട് കുറച്ച് കഷ്ടപ്പാടായിരുന്നു. എന്നാലിപ്പോള്‍ രാജ്യത്തിനകത്തും നിര്‍മാണശാലകള്‍ ഉണ്ടായതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഇന്ത്യയില്‍ ഗോവയിലും ബെംഗളൂരുവിലും, ഹൈദരാബാദിലുമൊക്കെയാണ് ലഹരി നിര്‍മാണശാലകള്‍ ഉള്ളതെന്നാണ് പൊലീസ് റിപ്പോർട്ടുകളിൽ പറയുന്നത്. രാജ്യത്തുതന്നെ ആദ്യ രാസാലഹരി കേന്ദ്രം കണ്ടെത്തിയത് ഹൈദരാബാദിലാണ്. 2024 ൽ തൃശ്ശൂരിലെ എംഡിഎംഎ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ ഈ നിർമാണ മേഖല പൊലീസ് കണ്ടെത്തുന്നത്.
ALSO READ: Darlings : 'സ്ത്രീകള്‍ക്കെതിരായ അതിക്രമം ആരോഗ്യത്തിന് ഹാനികരം' എന്ന് പഠിപ്പിച്ച ബദ്രുന്നീസ
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച് പ്രധാനമായും 16 തരം ലഹരി വസ്തുക്കളാണുള്ളത്. കഞ്ചാവ്, ഹാഷിഷ് ഓയില്‍, ഒപിയം, മോര്‍ഫിന്‍, ഹെറോയിന്‍, കൊക്കെയ്ന്‍, കോഡിന്‍, ആംഫെറ്റമൈന്‍, മെത്താംഫെറ്റമൈന്‍, എംഡിഎംഎ, മെഫെഡ്രണ്‍, കെറ്റമൈന്‍, ട്രോമഡോള്‍, മാജിക് മഷ്റൂം, ബെന്‍സോഡിയാസെപൈന്‍സ് തുടങ്ങിയവയാണ് അവ. ഇവയില്‍ ഏറ്റവും പ്രചാരത്തിലുള്ളതും കൂടുതല്‍ പിടിച്ചെടുക്കുന്നതും കഞ്ചാവാണ്. 65,913 അറസ്റ്റുകളാണ് 2024 ല്‍ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്.
കുട്ടികളെന്നോ മുതിര്‍ന്നവര്‍ന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഇപ്പോള്‍ ലഹരിക്കടിമയാണ്. മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ് 2019 ല്‍ നടത്തിയ സര്‍വേ പ്രകാരം 10 നും 75 നും ഇടയില്‍ പ്രായമുള്ള 16 കോടി ആളുകളാണ് (14.6%) നിലവില്‍ മദ്യം ഉപയോഗിക്കുന്നത്. 3.1 കോടി ആളുകള്‍ (2.8%) കഞ്ചാവും, 2.06% ഓപിയോയിഡും, 1.18 കോടി (1.08%) പേര്‍ സെഡേറ്റീവ്സും, 1.7% കൗമാരക്കാര്‍ ഇന്‍ഹാലന്റ്‌സും, 8.5 ലക്ഷം പേർ മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരുമാണ്. മൊത്തം 132954 അറസ്റ്റുകളാണ് 2024 ല്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും പഞ്ചാബിലുമാണ് ഇന്ത്യയില്‍ കൂടുതല്‍ മയക്കുമരുന്ന് കേസുണ്ടാകുന്നത്.
അത് കഴിഞ്ഞാല്‍ പിന്നെ കേരളമാണ്. മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, എറണാംകുളം, തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നി ജില്ലകളിലാണ് ലഹരിവേട്ട കൂടുതല്‍ നടക്കുന്നത്. കഞ്ചാവ്, കൊക്കയ്ന്‍, മെത്താംഫെറ്റമിന്‍, സിന്തറ്റിക് ഡ്രഗ്‌സ്, എംഡിഎംഎ, ഹാഷിഷ് ഓയില്‍, എല്‍.എസ്.ഡി. സ്റ്റാമ്പ് തുടങ്ങിയവയാണ് കേരളത്തില്‍ പ്രചാരത്തിലുള്ള ഡ്രഗ്‌സ്. 2016 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ 360 % വര്‍ധനവാണ് കേരളത്തിലെ ലഹരിക്കേസുകളില്‍ ഉണ്ടായിരിക്കുന്നത്. 2023ല്‍ അത് ഉയര്‍ന്നു. 30,715 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 30,000 ലേറെ പേര്‍ അറസ്റ്റിലാവുകയും ചെയ്തു. അത് 2025 ആയപ്പോള്‍ 30.8 ശതമാനത്തിലേറെ വീണ്ടും വര്‍ധിച്ചു.
വിദ്യാര്‍ഥികളാണ് പലപ്പോഴും ലഹരിക്ക് അടിമകളാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2016 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ എട്ടാം ക്ലാസ്സുകാര്‍ക്കിടയില്‍ 61 % വും പ്ലസ്ടുക്കാര്‍ക്കിടയില്‍ 62 % വും ലഹരിയുപയോഗമുണ്ട്. ഇനി ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കിയവരുടെ കണക്കെടുക്കുകയാണെങ്കില്‍ അത് 50 % ആണെന്നുമാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡ്രഗ് ആന്‍ഡ് അബ്യുസ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നത്. ലഹരി വിരുദ്ധ ദിനത്തില്‍ ലഹരി വേണ്ടാ എന്ന് പറയുന്ന വിദ്യാര്‍ത്ഥികളാണ് ക്രമേണ അതിലേക്കടുക്കുന്നത്. അപ്പോഴാണ് എത്രമാത്രം ലഹരി മാഫിയകള്‍ കേരളത്തില്‍ ഉണ്ടെന്ന കാര്യം മനസിലാക്കാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ സ്‌കൂളിന് ചുറ്റുമുള്ള ചെറിയ കടകള്‍ കേന്ദ്രീകരിച്ചും ഇപ്പോള്‍ അന്വേഷണം കര്‍ശനമാക്കിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ ലഹരിക്കെതിരെ തുടങ്ങിയിട്ടുള്ള വിമുക്തി സെല്‍ 2020 - 2021 ല്‍ നടത്തിയ സര്‍വേയിലും ഇതേ കാര്യം തന്നെയാണ് വ്യക്തമാകുന്നത്. 600 കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ 97 % കുട്ടികളും ലഹരിക്കടിമകളാണെന്നും 62 % പേര്‍ കൗണ്‍സിലിംഗിന് വിധേയമാകുന്നവരാണെന്നും 25 % പേര്‍ മയക്കുമരുന്ന് കേസില്‍ പ്രതികളാണെന്നുമാണ് പറയുന്നത്. എന്താണ് എന്നറിയാനുള്ള അവരുടെ കൗതുകമാണ് ഇതിനുകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മയക്കുമരുന്നിന്റെ ആസക്തി പലപ്പോഴും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നവയാണ്. ഓര്‍മ കുറവും, ദേഷ്യവും, പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളും, കായിക ശേഷി നഷ്ടപ്പെടുകയും, കുറ്റകൃത്യങ്ങളില്‍ അകപ്പെടാനുള്ള സാധ്യതയ്ക്കും വഴിയൊരുക്കുന്നു. അതവരുടെ മാനസികാരോഗ്യത്തില്‍ വിള്ളല്‍ വരുത്താനും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനും കാരണമാകുന്നു. അതോടെ കുറ്റബോധം തോന്നി ആത്മഹത്യ ചെയ്യുന്നവരും മറ്റുള്ളവരെ കൊല്ലുന്നവരും ഉടലെടുക്കുന്നു. ചെറിയ ചെറിയ സംസാരങ്ങള്‍ കൊലപാതകത്തിലേക്കെത്തുന്നു. വെഞ്ഞാറമൂട് സ്വദേശി അഫാന്‍ അമ്മയെയും പെങ്ങളെയും സുഹൃത്തിനെയുമൊക്കെ കൊലപ്പെടുത്തിയ വാര്‍ത്തകള്‍ നമ്മള്‍ കേട്ടതാണ്. മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു അത്. അഫാനും ലഹരി ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 63 കൊലപാതകങ്ങളില്‍ 30 എണ്ണവും ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം നടന്നതാണ്. ഇതോടെയാണ് ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ അന്വേഷണം ശക്തമാക്കുന്നത്. 8,931 ലേറെ കേസുകളാണ് ഇതോടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് 8,646 പേരെ അറസ്‌റ് ചെയ്യുകയും ചെയ്തു. എല്ലാ മേഖലകളിലും കര്‍ശനമായ തെരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് സിനിമ മേഖലയിലുള്‍പ്പെടെയുള്ളവരുടെ ലഹരി ഉപയോഗം പുറത്തറിയുന്നത്. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, റാപ്പര്‍ വേടന്‍ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ തുടങ്ങിയവരെല്ലാം ലഹരിക്കെണിയിലാണെന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നു. ഇതില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ മാത്രമാണ് തനിക്ക് മുക്തനാകണമെന്ന് പറഞ്ഞത്.
നിയമങ്ങളൊക്കെ അതിന്റെ മുറക്ക് നടക്കുമെങ്കിലും ഇക്കാര്യത്തില്‍ പുതു തലമുറക്ക് അവബോധം നല്‍കേണ്ടത് അത്യാവശ്യമാണ്. ഒളിഞ്ഞും തെളിഞ്ഞും കണ്ടെത്തിയ ചില കേസുകളല്ലാതെ ഇനിയും എത്രയെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു പിടിയുമില്ല. നമ്മുടെ നാട് ലഹരി വിമുക്തമാകണമെങ്കില്‍ പരസ്യ കാമ്പയിനുകള്‍ കൊണ്ടും ബോധവല്‍ക്കരണ ക്ലാസുകള്‍ കൊണ്ടും മാത്രം സാധ്യമാകില്ല, പകരം അതിനുതകുന്ന നിയമങ്ങളും നടപടികളും നിലവില്‍ വരണം. അല്ലാത്ത പക്ഷം കേസുകള്‍ ഇനിയും കൂടിക്കൊണ്ടേയിരിക്കും.