സിപിഐഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി അട്ടപ്പാടിയിൽ കോഴി ഫാം തുടങ്ങുന്നുവെന്ന പേരിലാണ് പണം പിരിച്ചത്
ആരോപണവിധേയമായ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി, ശശികുമാർ (കർഷകന്‍)
കേരള ചിക്കൻ പദ്ധതിയിൽ കോഴിക്കുഞ്ഞുങ്ങളെ വാഗ്ദാനം ചെയ്ത് കർഷകരിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ചതായി ആരോപണം. സിപിഐഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി അട്ടപ്പാടിയിൽ കോഴി ഫാം തുടങ്ങുന്നുവെന്ന പേരിലാണ് പണം പിരിച്ചത്. വർഷങ്ങളായിട്ടും പദ്ധതി തുടങ്ങാതെ വന്നതോടെയാണ് കർഷകർ പരാതിയുമായി രംഗത്തെത്തിയത്.
2019 ഡിസംബർ അഞ്ചിനാണ് അട്ടപ്പാടി സമ്പാർകോട് സ്വദേശി ശശികുമാർ, കേരള ചിക്കൻ പദ്ധതിക്കായി ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്ക് 10,000 രൂപ നിക്ഷേപം നൽകിയത്. കുറഞ്ഞ വിലയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകാമെന്നും, വലുതാകുമ്പോൾ തിരിച്ചെടുക്കാമെന്നുമായിരുന്നു വാഗ്ദാനം. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി നടപ്പിലായില്ല. നിരവധി കർഷകർക്കാണ് പണം നഷ്ടമായതെന്നും കൃഷി ചെയ്ത് ജീവിക്കുന്നവരെ ചതിക്കുകയാണ് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി ചെയ്തതെന്നും ശശികുമാർ പറയുന്നു.
"ഞങ്ങളെ ശരിക്കും ചതിക്കുകയായിരുന്നു. ഒരു പ്രാവശ്യം പോലും കൊഴിക്കുഞ്ഞുങ്ങളെ തന്നില്ല. ശരിക്കും പറഞ്ഞാൽ വീണ്ടും ഒരു ചതിയിൽപ്പെട്ടതുപോലെയായി. കൃഷി ചെയ്യാൻ മോഹമുള്ള ഒരാളെ മോഹിപ്പിച്ച് ചതിയിൽ കൊണ്ട് ചാടിച്ചു", ശശികുമാർ പറഞ്ഞു.
സംഭവം വലിയ തോതിൽ ചർച്ചയായതോടെ സൊസൈറ്റിയുടെ പേരിൽ അട്ടപ്പാടിയിലുള്ള സ്ഥലം വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ ഇനിയും കാലതാമസം കൂടാതെ പണം തിരിച്ചു നൽകാൻ നടപടിയുണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.