പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ലിയോണല്‍ മെസി
ഗോളടിയില്‍ മാത്രമല്ല, പണം വാരലിലും ഒന്നാമന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ. ഫാബ്സ് പുറത്തുവിട്ട ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കിസ്റ്റ്യാനോ ഒന്നാമതെത്തി. 275 മില്യണ്‍ ഡോളറാണ് (ഏകദേശം 23,52,34,94,417.50 രൂപ) പ്രതിഫല തുകയായി ക്രിസ്റ്റ്യാനോ വാരിക്കൂട്ടിയത്. ഇത് അഞ്ചാം തവണയാണ് ഫോബ്‌സ് പട്ടികയില്‍ താരം ഒന്നാമതെത്തുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ താരം വെയറബിള്‍ ടെക് കമ്പനിയായ വൂപ്പ്, പോര്‍സലൈന്‍ നിര്‍മ്മാതാക്കളായ വിസ്റ്റ അലെഗ്രെ, സപ്ലിമെന്റ് ബ്രാന്‍ഡായ ബയോണിക് എന്നിവയില്‍ നിക്ഷേപം നടത്തിയിരുന്നു. ഇതിനു പുറമെ, സംവിധായകന്‍ മാത്യു വോണുമായി സഹകരിച്ച് ഫിലിം സ്റ്റുഡിയോ നിര്‍മിക്കുമെന്നും റൊണാള്‍ഡോ പ്രഖ്യാപിച്ചിരുന്നു. യൂട്യൂബിലും സാന്നിധ്യമറിയിച്ച റൊണാള്‍ഡോയുടെ ചാനലിന് 75 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആണുള്ളത്. ഇതുകൂടാതെ, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ് എന്നിവയിലെല്ലാം 939 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്.
Also Read: ആരാധകർക്ക് നിരാശ; അർജൻ്റീനയും മെസിയും കേരളത്തിലേക്കില്ല
പരസ്യങ്ങളില്‍ നിന്നും മറ്റുമായി ലഭിക്കുന്ന വരുമാനത്തില്‍ 15 ദശലക്ഷം ഡോളറിന്റെ വര്‍ധനവാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്. മെയ് വരെ 939 ദശലക്ഷം ഡോളറാണ് റൊണാള്‍ഡോയുടെ ആകെ വരുമാനം.
ഫോബ്‌സ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച മൂന്ന് പേര്‍ ഫുട്‌ബോള്‍ താരങ്ങളാണ്.
പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീനന്‍ താരം ലിയോണല്‍ മെസി. അഡിഡാസില്‍ നിന്നും ആപ്പിളില്‍ നിന്നും ഉയര്‍ന്ന പ്രതിഫലമാണ് താരത്തിന് ലഭിക്കുന്നത്. 135 ദശലക്ഷം ഡോളറുമായാണ് മെസ്സി അഞ്ചാം സ്ഥാനത്തുള്ളത്. കരിം ബെന്‍സിമയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഫുട്‌ബോള്‍ താരം. 104 ദശലക്ഷം ഡോളറാണ് താരത്തിന്റെ വരുമാനം. പട്ടികയില്‍ എട്ടാമനാണ് ബെന്‍സിമ.
അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം സ്റ്റീഫന്‍ കറിയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. 156 മില്യണ്‍ ഡോളറാണ് സ്റ്റഫന്‍ കറിയുടെ വരുമാനം. പട്ടികയില്‍ മൂന്നാം സ്ഥാനം ബ്രിട്ടീഷ് ബോക്‌സര്‍ ടൈസണ്‍ ഫ്യൂറിയാണ്. 146 മില്യണ്‍ ഡോളറാണ് പ്രതിഫലമായി മാത്രം ഫ്യൂറി സമ്പാദിച്ചത്.
137 മില്യണ്‍ വരുമാനമുള്ള എന്‍എഫ്എല്‍ താരം ഡാക് പ്രിസ്‌കോട്ടും പട്ടികയില്‍ നാലാമനായി ഇടംപിടിച്ചു.