ഇതെല്ലാം സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെയും ജില്ലാ സെക്രട്ടറിയുടെയും അറിവോടെയും ആശിര്‍വാദത്തോടെയുമാണെന്നും സണ്ണി ജോസഫ് ആരോപിച്ചു
കണ്ണൂരിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ആസൂത്രിത ആക്രമണങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും കണ്ണൂരില്‍ സിപിഎം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു സണ്ണി ജോസഫിൻ്റെ ആരോപണം. കോണ്‍ഗ്രസ് സ്ഥാപനങ്ങളിലേക്കും നേതാക്കളുടെ വീടുകളിലേക്കും സിപിഐഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.
സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥിൻ്റെ പ്രകോപനപ്രസംഗമടക്കം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവന. കണ്ണൂരിൽ സിപിഐഎം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ സണ്ണി ജോസഫ് ഇതെല്ലാം പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെയും ജില്ലാ സെക്രട്ടറിയുടെയും അറിവോടെയും ആശിര്‍വാദത്തോടെയുമാണെന്നും ആരോപിച്ചു. പൊലീസാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്ന ആരോപണവും സണ്ണി ജോസഫ് ഉയർത്തി.
സംഘർഷം രൂക്ഷമാവുന്നതിനിടെയായിരുന്നു മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ്സ് നേതാവ് പി. ആർ. സനീഷിനെതിരെയുള്ള പി.വി. ഗോപിനാഥിൻ്റെ പ്രകോപന പ്രസംഗം. സനീഷിന്റെ അച്ഛൻ വിചാരിച്ചിട്ടും മലപ്പട്ടത്ത് കോൺഗ്രസ്സ് ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും സനീഷിനെ നിലക്ക് നിർത്താൻ ബാലസംഘം മതിയെന്നുമായിരുന്നു പ്രസംഗത്തിൽ ഗോപിനാഥ് പറഞ്ഞത്. സനീഷിന്റെ വീട്ടിന്റെ അടുക്കളയിൽ പോലും ഗാന്ധി സ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും മലപ്പട്ടത്ത് നടന്ന സിപിഐഎം യോഗത്തിൽ പി.വി. ഗോപിനാഥ് പറഞ്ഞു.
തളിപ്പറമ്പിൽ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. മലപ്പട്ടത്ത് കോൺഗ്രസ് സ്തൂപംസ്ഥാപിക്കുന്നതിനെതിരെയും സിപിഐഎമ്മിൻ്റെ ഭീഷണി ഉയർന്നിട്ടുണ്ട്. പാനൂരിൽ കെഎസ്‌യു,യൂത്ത് കോൺഗ്രസ് പതാക കത്തിച്ചതിൽ 15 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.
മലപ്പട്ടത്തെ സംഘർഷത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ് സിപിഐഎമ്മും കോൺഗ്രസും. ഗാന്ധി സ്തൂപം തകർത്തത് ഉൾപ്പടെ പ്രകോപനമുണ്ടാക്കിയത് സിപിഐഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ പദയാത്രയുടെ മറവിൽ യൂത്ത് കോൺഗ്രസ് ആസൂത്രിതമായി സംഘർഷമുണ്ടാക്കിയെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.സിപിഐഎം ശക്തി കേന്ദ്രമായ മലപ്പട്ടത്ത് മറ്റ് പാർട്ടികളുടെ പ്രവർത്തന സ്വാതന്ത്ര്യം തടയുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഗാന്ധി സ്തൂപം തകർത്തതും, പദയാത്ര ആക്രമിച്ചതും ഇതിന്റെ ഭാഗമായാണെന്ന് പറഞ്ഞ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മലപ്പട്ടത്തിന് എന്താണ് പ്രത്യേകതയെന്നും ചോദിച്ചിരുന്നു.